കൊച്ചി: ചെറുമീന്‍ പിടിക്കുന്നതിനെതിരെ ഫിഷറീസ് വകുപ്പ് നടപടി കര്‍ശനമാക്കി. ട്രോളിങ് നിരോധനത്തിനുശേഷം ആഴക്കടല്‍, തീരക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന സംസ്ഥാനത്തെ യാനങ്ങള്‍ വ്യാപകമായി ചെറുമീന്‍ പിടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണിത്.

ചെറുമീനുകള്‍ പിടിച്ചാല്‍ അത് കടലില്‍ തന്നെ ഉപേക്ഷിക്കണമെന്നാണ് നിര്‍ദേശം. വലയില്‍ ചെറുമീനുകള്‍ പെട്ടാല്‍ അവയെ തീരത്തേക്ക് കൊണ്ടുവരരുത്. ജീവനോടെ തന്നെ കടലില്‍ ഉപേക്ഷിക്കണമെന്നാണ് നിര്‍ദേശം. ജീവനില്ലാത്തവയാണെങ്കിലും കൊണ്ടുവില്‍ക്കുന്നതിന് നിരോധനമുണ്ട്.

കേരളത്തില മാര്‍ക്കറ്റുകളില്‍ ഇത്തരം മീനുകളുടെ വില്‍പ്പന നന്നേ കുറവാണ്. അതേസമയം, ഫിഷ് ലാന്‍ഡിങ് സെന്ററുകളില്‍ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളില്‍ കയറ്റി ചെറുമീനുകളെ കടത്തുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആ നീക്കത്തെ ചെറുക്കാനും ഫിഷറീസ് വകുപ്പ് നടപടികള്‍ തുടങ്ങി. തൃശ്ശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ മേഖലയില്‍നിന്ന് ചെറുമീനുകളെ പിടിച്ചതിന് ഫിഷറീസ് വകുപ്പ് നടപടി എടുത്തിരുന്നു.

കേരള മറൈന്‍ ഫിഷറീസ് ആക്ട് പ്രകാരം കേരള തീരുത്തു നിന്നും ആഴക്കടലില്‍ നിന്നും പിടിക്കാവുന്ന മീനുകളുടെ വലിപ്പത്തെക്കുറിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കൂടുതലായി ലഭിക്കുന്ന മത്തി, കുറഞ്ഞത് പത്തു സെന്റിമീറ്ററെങ്കിലും ഉണ്ടെങ്കിലേ പിടിക്കാന്‍ അനുമതിയുള്ളു. അയല 14 സെന്റിമീററര്‍ ഉണ്ടാവണം. ചൂരയും കേരയും 31 സെന്റിമീറററെങ്കിലും വേണം. കിളിമീന്‍ 10 സെന്റിമീറ്റര്‍ ഉണ്ടാവണം. 200 ഗ്രാമില്‍ കുറഞ്ഞ തൂക്കമുള്ള കടല്‍ക്കൊഞ്ചുകളെ പിടിക്കാന്‍ പാടില്ല.

ചെറുമീനുകളുമായി ഫിഷ് ലാന്‍ഡിങ് സെന്ററുകളില്‍ മത്സ്യബന്ധനയാനങ്ങള്‍ എത്തിയാല്‍ അറിയിക്കുന്നതിനുള്ള സംവിധാനം ഫിഷറീസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. പൊതുജനങ്ങളില്‍നിന്ന് സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുമ്പോള്‍ ചെറുമീനുകളെ കണ്ടെത്തനാകാത്ത സ്ഥിതിയുമുണ്ട്.

കേരള വിപണിയിലേക്ക് ചെറുമീനുകള്‍ എത്തുന്നില്ലെന്നു ഉറപ്പിച്ചതിനെത്തുടര്‍ന്നാണ് ചെറുമീനുകള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നതായ സംശയം ബലപ്പെട്ടത്. തീരമേഖലയില്‍നിന്ന് സംസ്ഥാനത്തിന്റെ മലയോര മേഖലയിലേക്ക് ചെറുമത്സ്യങ്ങള്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതായും സംശയമുണ്ട്. ഇത്തരം വാഹനങ്ങള്‍ പോലീസിന്റെ സഹായത്തോടെ പിടികൂടി നിയമനടപടികള്‍ സ്വീകരിക്കും.