കൊച്ചി: സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായി 'പ്രേതവലകള്‍'. പത്ത് ശതമാനത്തോളം മത്സ്യസമ്പത്ത് ഈ വലകളില്‍ കുരുങ്ങുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആമയെ പോലുള്ള കടല്‍ജീവികള്‍ വലകളില്‍ അകപ്പെടുന്നതായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) യിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

ഗോസ്റ്റ് ഫിഷിങ്ങിന്റെ ഭാഗമായാണ് ഇത്തരം വലകള്‍ കടലില്‍ എത്തുന്നത്. സമുദ്രജീവികള്‍ക്ക് തന്നെ ഭീഷണിയായ പ്രേതവലകളെ കുറിച്ച് ആഗോളതലത്തില്‍ ശാസ്ത്രലോകം പഠനം തുടങ്ങി. ഇത്തരം വലകള്‍ കണ്ടെത്തി നീക്കം ചെയ്യാനുള്ള സാധ്യതകള്‍ തേടുന്നുണ്ട്. സമുദ്രത്തിനുള്ളില്‍ കെണി വച്ച് മത്സ്യങ്ങളെ പിടിക്കുന്ന രീതിയുണ്ട്. ഇവ കല്ലുകള്‍ക്കിടയിലും മറ്റുമായിരിക്കും വയ്ക്കുന്നത്. കൂട പോലെ ഇരിക്കുന്ന ഈ വലകളിലേക്ക് മത്സ്യം വന്ന് നിറയും. എന്നാല്‍ മറ്റ് മത്സ്യബന്ധന ബോട്ടുകള്‍ തട്ടി ഈ വലകള്‍ മുറിഞ്ഞുപോകും. ഇതുകൂടാതെ കെണി എവിടെയാണ് വച്ചതെന്ന് അറിയാതെ പോകുന്ന അവസ്ഥയുമുണ്ട്. ഇത് ആദ്യകാലങ്ങളില്‍ മുകള്‍ത്തട്ടില്‍ കിടക്കുകയും പഴകി കഴിയുമ്പോള്‍ ഭാരം കൂടി അടിത്തട്ടിലേക്ക് പോകുകയും ചെയ്യും. ഈ വല കിടക്കുന്ന സ്ഥലങ്ങളിലൂടെ പോകുന്ന സമുദ്രജീവികള്‍ ഇതില്‍ കുടുങ്ങുന്നു.

ഈ നൈലോണ്‍ വല ജീര്‍ണിക്കാത്തത് പ്രശ്‌നമാണ്. പൊളിഞ്ഞ കപ്പലിന്റെയും മറ്റും അവശിഷ്ടങ്ങള്‍ പൊതിഞ്ഞ് ജീവികള്‍ക്ക് ആപത്തായി ഇത് വലുതാകും. ഇങ്ങനെ അടിത്തട്ടിലടിയുന്ന വല ജീവികളുടെ കഴുത്തില്‍ തുളച്ചുകയറി മരണപ്പെടുന്നുണ്ട്. ഡോള്‍ഫിനുകള്‍ ഇത്തരത്തില്‍ വലയോടു കൂടി കരയ്ക്ക് അടിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. മീനുകള്‍ കുറച്ചുകാലം ഈ വലയ്ക്കുള്ളില്‍ ജീവിക്കും. എന്നാല്‍ പിന്നീട് ഭക്ഷണം കിട്ടാതെ ഇവ മരിക്കും. മറ്റു ജീവികള്‍ ഇത് ഭക്ഷണമാണെന്നു കരുതി ആഹാരമാക്കുന്നു. വല വയറ്റിലെത്തുന്നതോടെ വിശപ്പില്ലായ്മയും മറ്റ് പ്രശ്‌നങ്ങളും മൂലം ജീവന്‍ നഷ്ടപ്പെടുന്നു.

മത്സ്യബന്ധനത്തിനു പോകുന്ന സമയങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുന്ന വലകള്‍ കടലില്‍ ഉപേക്ഷിക്കുന്നതും കടല്‍ ജീവികള്‍ക്ക് ഭീഷണിയാകുന്നുണ്ട്്. കരയ്‌ക്കെത്തിക്കുന്ന ജീവികളുടെ ഉള്ളില്‍ നിന്ന് വലകളും പ്ലാസ്റ്റിക്കും കണ്ടെത്തിയ സംഭവങ്ങള്‍ നിരവധിയാണ്.