കൊച്ചി: മത്സ്യബന്ധന യാനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് കളര്‍ കോഡിങ് കര്‍ശനമാക്കി. നിര്‍ദിഷ്ട നിറം ഇല്ലാത്ത മത്സ്യബന്ധന ബോട്ടുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

മത്സ്യബന്ധന ബോട്ടുകള്‍ക്ക് കളര്‍ കോഡിങ് കര്‍ശനമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേരളത്തില്‍ മത്സ്യബന്ധന ബോട്ടുകളുടെ എന്‍ജിന്‍ ഭാഗമായ വീല്‍ ഹൗസിന് ഓറഞ്ച് നിറവും താഴെ ഹള്‍ ഭാഗത്തിന് കടുത്ത നീല നിറവും വേണമെന്നാണ് നിര്‍ദ്ദേശം. പുതിയ രജിസ്‌ട്രേഷനായി എത്തുന്ന മത്സ്യ ബന്ധന ബോട്ടുകള്‍ക്ക് ഈ നിറം ഉണ്ടെങ്കില്‍ മാത്രമേ രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കുകയുള്ളു. ലൈസന്‍സുള്ള ബോട്ടുകളോട് ജൂലായ് 31-നകം നിറം നിര്‍ബന്ധമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രോളിങ് നിരോധനത്തിനു ശേഷം ബോട്ടുകള്‍ കടലില്‍ ഇറങ്ങുമ്പോള്‍ നിറം ഉറപ്പാക്കണം.

ട്രോളിങ് കാലയളവില്‍ ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറ്റുമ്പോള്‍ നിറം മാറ്റണമെന്നാണ് ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. നിശ്ചിത നിറം അടിക്കാത്ത ബോട്ടുകള്‍ക്ക് ആജീവനാന്ത വിലക്ക് അടക്കമുള്ള കര്‍ശന നടപടിയാണ് വകുപ്പ് ആലോചിച്ചിട്ടുള്ളത്. ഒപ്പം പിഴയും ഈടാക്കും.

ആഭ്യന്തര സുരക്ഷയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് നിറങ്ങള്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്. സമുദ്രത്തിലെ പരിശോധനകള്‍ക്കിടയില്‍ മത്സ്യബന്ധന ബോട്ടുകളെ പെട്ടെന്ന് തിരിച്ചറിയുന്നതിനും മറ്റുമായാണ് ഓരോ സംസ്ഥാനത്തിനും പ്രത്യേക നിറം കൊടുത്തിട്ടുള്ളത്. സമുദ്രാതിര്‍ത്തിയിലെ തീവ്രവാദ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയിട്ടുള്ളത്.

കേരള സമുദ്രാതിര്‍ത്തിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ ധാരാളമായി മത്സ്യബന്ധനത്തിനായി എത്തുന്നുണ്ട്. കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളില്‍ തമ്പടിച്ചുതന്നെ ഇത്തരം ബോട്ടുകള്‍ മത്സ്യബന്ധനം നടത്തി വരുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള ബോട്ടുകളാണ് കേരളത്തില്‍ കൂടുതലായി മത്സ്യബന്ധനത്തിന് എത്തുന്നത്. തമിഴ്‌നാട്ടില്‍ പച്ചയും കറുപ്പും, കര്‍ണാടകത്തില്‍ സ്റ്റീല്‍ ബോട്ടിന് നീലയും മരത്തിന് ചുവപ്പും, ലക്ഷദ്വീപ് ബോട്ടുകള്‍ക്ക് വെളുപ്പുമാണ് നിറമായി നിശ്ചയിച്ചിട്ടുള്ളത്. കേരള തീരത്തുള്ള അന്യസംസ്ഥാന ബോട്ടുകളും നിര്‍ദിഷ്ട നിറത്തിലാണോ എന്ന പരിശോധനയുമുണ്ടാകും.

ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, കേന്ദ്ര വ്യവസായ സുരക്ഷാ സേന എന്നിവയുടെയെല്ലാം പട്രോളിങ്ങിനിടെ കളര്‍ കോഡിങ് ഇല്ലാത്ത ബോട്ടുകള്‍ കണ്ടാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന അറിയിപ്പും കേന്ദ്രത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.