കൊച്ചി: ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ (77) അന്തരിച്ചു. ബുധനാഴ്ച രാത്രി 9.15ന് എറണാകുളം വടുതല ചിന്മയ സ്‌കൂളിനു സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു (കട്ടപ്പുറം) അന്ത്യം. ശ്വാസകോശ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യയാണ്.

പെരുമ്പാവൂര്‍ ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും ആറ് മക്കളില്‍ ഒരാളായ ഖദീജ നൂറോളം ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അറുപതുകളിലും എഴുപതുകളിലും മികച്ച കഥാപാത്രങ്ങള്‍ ഖദീജയെ തേടിയെത്തി. 1968ല്‍ പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യചിത്രമായ 'വിരുതന്‍ ശങ്കുവില്‍' അടൂര്‍ഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. അസുരവിത്ത് (1968), വെളുത്ത കത്രീന (1968), തുലാഭാരം (1968), വിലക്കപ്പെട്ട ബന്ധങ്ങള്‍ (1969), കണ്ണൂര്‍ ഡീലക്‌സ് (1969), കണ്ടവരുണ്ടോ (1972) തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

'തേന്‍മാവിന്‍ കൊമ്പത്ത്' ആണ് അവസാനം അഭിനയിച്ച ചിത്രം.

മക്കള്‍: പരേതനായ വിന്നി, ലീന, സോണി, ടെഡി, സ്റ്റെന്‍സി, പരേതയായ സോഫി.

മരുമക്കള്‍: ഷജിനി, ജെയിംസ്, വിന്‍സെന്റ്, രാഖി, പ്രിയ, നോയല്‍. സഹോദരങ്ങള്‍: സൈനബ, നബീസ, ഖാസിം, ഇബ്രാഹിം, സലീംരാജ്.

ഖദീജയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.