കൊച്ചി: ഗ്രോബാഗില്‍ മണ്ണില്ലാതെയും ഇനി കൃഷി ചെയ്യാം. കൃഷിക്ക് മണ്ണ് ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് കൃഷി വിജ്ഞാന്‍ കേന്ദ്രമാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. കരിമ്പ് ഉപയോഗിച്ച് പഞ്ചാസാര നിര്‍മിക്കുമ്പോള്‍ കിട്ടുന്ന മാലിന്യമായ 'പ്രസ് മഡ്' മണ്ണിനു പകരം ഉപയോഗിക്കുന്നതാണ് പദ്ധതി.

ഒരു ഗ്രോബാഗില്‍ അഞ്ച് കിലോ മണ്ണ് വേണം. ഖനനനിരോധനമുള്ള ജില്ലയില്‍ മണ്ണ് കിട്ടാന്‍ പ്രയാസമാണ്. ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് 80 ഗ്രോബാഗുകളിലായി 300 കിലോ മണ്ണ് ആവശ്യമായി വരും. 100 കുടുംബമായാല്‍ 3,000 മെട്രിക് ടണ്‍ മണ്ണാണ് ആവശ്യമായി വരികയെന്ന് കെ.വി.കെ. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷിനോജ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

മണ്ണ് ലഭിക്കാതെ വരുന്നത് ഓണത്തോടനുബന്ധിച്ച് ചെറുകിട കര്‍ഷകര്‍ നടത്തുന്ന കൃഷിയെ ബാധിക്കും. ഇതിന് പരിഹാരമായാണ് മണ്ണിനു പകരം പ്രസ് മഡുമായി എത്തിയിരിക്കുന്നത്. പഞ്ചസാര മില്ലില്‍ നിന്ന് ലഭിക്കുന്ന വ്യാവസായിക മാലിന്യമാണ് പ്രസ് മഡ്. കൃഷിക്ക് അനുയോജ്യമായ പോഷണ ഗുണം പ്രസ് മഡിനുണ്ടെന്ന് ഷിനോജ് പറഞ്ഞു. പ്രസ് മഡ് ഉണക്കി പൊടിച്ച് കമ്പോസ്റ്റാക്കിയാണ് ഉപയോഗിക്കുന്നത്. ഈ പകരക്കാരനെ തമിഴ്‌നാട്ടില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

ഇതുപയോഗിച്ച് ഗ്രോബാഗ് നിര്‍മിക്കുന്നതിന് വൈപ്പിന്‍ എടവനക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘമായ വൈപ്പിന്‍ ഹരിശ്രീക്ക് കെ.വി.കെ. പരിശീലനവും യന്ത്രങ്ങളും നല്‍കിയിരുന്നു. ഈ സംഘമാണ് പ്രസ് മഡ് ഉപയോഗിച്ച് നിര്‍മിച്ച ഗ്രോബാഗുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ ഇവ വിപണിയിലെത്തും. ബാഗിന് 100 രൂപയാണ് ഈടാക്കുകയെന്നും കൂടുതല്‍ സംഘങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്നും സിനോജ് കൂട്ടിച്ചേര്‍ത്തു.