കൊച്ചി: കടലിലെ 44 ഇനം മീന്‍കുഞ്ഞുങ്ങളെ പിടിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ചൂര, കേര, നെയ്മീന്‍ അഥവാ അയക്കൂറ, മോത, വങ്കട, മാന്തള്‍, കിളിമീന്‍, ആവോലി, കലവ, കോര, തിരണ്ടി, പൂവാലന്‍ ചെമ്മീന്‍, കരിക്കാടി ചെമ്മീന്‍, കാവാലന്‍ ഞണ്ട് തുടങ്ങിയവയുടെ കുഞ്ഞുങ്ങളെ പിടിക്കുന്നതിനാണ് നിരോധനം.

നേരത്തെ 14 ഇനങ്ങളുടെ കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ 44 ഇനങ്ങളെക്കൂടി പിടിക്കുന്നത് നിരോധിച്ചത്. മീന്‍സമ്പത്ത് ക്രമാതീതമായി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നിരോധനം.

മീനുകളെ പിടിക്കുന്നതിനുള്ള കുറഞ്ഞ വലിപ്പം (മിനിമം ലീഗല്‍ സൈസ്) നിശ്ചയിക്കുന്ന പട്ടിക തയ്യാറാക്കി നല്‍കിയത് കേന്ദ്ര മത്സ്യഗവേഷണ സ്ഥാപന (സി.എം.എഫ്.ആര്‍.ഐ.) മാണ്. 58 ഇനം മീന്‍കുഞ്ഞുങ്ങളുടെ നിരോധനപ്പട്ടികയാണവര്‍ നല്‍കിയത്. രണ്ടു ഘട്ടമായി ഇതു മുഴുവന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.

2012-ല്‍ 8.4 ലക്ഷം ടണ്‍ മീന്‍ പിടിച്ച് കേരളം രാജ്യത്ത് ഒന്നാമതെത്തിയിരുന്നു. 2013-ല്‍ ഇത് 6.71 ലക്ഷം ടണ്‍ ആയി കുറഞ്ഞു. കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്തായി.

അടുത്ത വര്‍ഷം ഇത് വീണ്ടും കുറഞ്ഞു. 5.76 ലക്ഷം ടണ്‍; മൂന്നാം സ്ഥാനം. 2015-ലും മൂന്നാം സ്ഥാനം തന്നെയായിരുന്നു, 4.82 ലക്ഷം ടണ്‍. 2016 ആയപ്പോഴേക്കും 5.23 ലക്ഷം ടണ്ണായി ഉയര്‍ന്നെങ്കിലും നാലാം സ്ഥാനത്തായി കേരളം.

വളത്തിനും മീന്‍തീറ്റയ്ക്കുമായി ചെറു മീനുകളെ വാരിക്കൊണ്ടുപോയതു മുതലാണ് കടല്‍സമ്പത്തിനു നാശം നേരിട്ടത്. മത്തി പോലുള്ള മീനുകളുടെ കുഞ്ഞുങ്ങളെ ധാരാളമായി മീന്‍തീറ്റ ഫാക്ടറികള്‍ കൊണ്ടുപോയി.മത്തിയില്‍ കുറവുണ്ടായത് അങ്ങനെയാണ്.

മുമ്പ് മീന്‍പിടിത്തത്തിനിടയില്‍ കിട്ടുന്ന ചെറുമീനുകളെ കടലില്‍ത്തന്നെ തിരിച്ചിടുകയായിരുന്നു തൊഴിലാളികള്‍ ചെയ്തിരുന്നത്. വളത്തിനും മീന്‍തീറ്റയ്ക്കും ചെറുമീനുകളെ വേണമെന്നായപ്പോള്‍ മീന്‍പിടിത്തത്തിനിടയില്‍ കിട്ടുന്ന ചെറുമീനുകളെ കടലിനു തിരിച്ചു നല്‍കാതെ ഫാക്ടറികള്‍ക്കു വിറ്റു.

വന്‍ ലാഭമുണ്ടാക്കാമെന്നു കണ്ടപ്പോള്‍ ചെറുമീനുകളെ മാത്രം പിടിക്കാനായി ആളുകള്‍ കടലില്‍ പോയിത്തുടങ്ങി. അതിന്റെ ഫലമായി മീന്‍ ലഭ്യത കാര്യമായി കുറഞ്ഞു. കടലിന്റെ പരിസ്ഥിതിക്കു തന്നെ ദോഷം വന്നു.

മത്തി, കണവ, കൂന്തല്‍, ഉടുപ്പൂരി, പാമ്പാട, ആവോലി, കിളിമീന്‍, അയല എന്നിവയുടെ കുഞ്ഞുങ്ങളാണ് കൂടുതലും നശിച്ചുപോയത്. നിരോധനം കര്‍ശനമായി നടപ്പാക്കിയാല്‍ പഴയ മത്സ്യസമൃദ്ധി തിരിച്ചുവരുമെന്ന് കരുതുന്നു.