കൊച്ചി: ഇന്ത്യന്‍ സമുദ്രതീരത്ത് പുതിയതായി മീന്‍പിടിത്ത ബോട്ടുകള്‍ക്ക് അനുമതി നല്‍കരുതെന്ന് നിര്‍ദേശം. സമുദ്ര മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിനായി തയ്യാറാക്കിയ ദേശീയ വികസന രേഖ ഇത്തരം നിരവധി സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രവും വേള്‍ഡ് വൈല്‍ഡ് ലൈഫ്-ഇന്ത്യയും ചേര്‍ന്ന് നടത്തിയ ശില്പശാലയാണ് രേഖ തയ്യാറാക്കിയത്. മീന്‍പിടിത്ത വലകള്‍ക്കും ബോട്ടു നിര്‍മാണ ശാലകള്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

കടലിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് സമുദ്രോദ്യാനം, സംരക്ഷിത മേഖല എന്നിവയും വേണം. കടലുമായി ബന്ധപ്പെട്ട പ്രകൃതിലോല പ്രദേശങ്ങളെ ജൈവ വൈവിധ്യ പൈതൃക മേഖലകളായി പ്രഖ്യാപിക്കണം - രേഖ നിര്‍ദ്ദേശിക്കുന്നു.

ചെറുമീനുകളെ പിടിക്കുന്നതിന് കേരളത്തിലുള്ളതു പോലെ നിയന്ത്രണം എല്ലാ തീരദേശ സംസ്ഥാനങ്ങളിലും നടപ്പാക്കണം.

മറ്റ് നിര്‍ദ്ദേശങ്ങള്‍

* കടല്‍ സമ്പത്തിന്റെ സുസ്ഥിര പരിപാലനത്തില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവന മാര്‍ഗത്തിന് പ്രാമുഖ്യം നല്‍കണം.

* തീരദേശത്ത് താമസിക്കുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. തീരദേശ കൃഷി, ഇക്കോ ടൂറിസം എന്നിവയിലൂടെ വരുമാനം കണ്ടെത്താന്‍ സഹായിക്കണം.

* സമുദ്ര നിയന്ത്രണ പരിപാലന നിയമം നടപ്പാക്കണം. ബോട്ടുകളുടെ യാത്രാപഥം നിരീക്ഷിക്കുന്ന വി.എം.എസ്. സംവിധാനം കര്‍ശനമായി നടപ്പിലാക്കണം.

* തീരദേശ മേഖലയില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ മുന്‍കൂര്‍ സമ്മതം നേടിയിരിക്കണം.

ചര്‍ച്ചകള്‍ക്ക് ഒഡീഷ പ്ലാനിങ് ആന്‍ഡ് കണ്‍വേര്‍ജന്‍സ് അഡീഷണല്‍ സെക്രട്ടറി പി.കെ. ബിസ്വാള്‍, സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്-ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ ഡോ. സേജല്‍ വോറ എന്നിവര്‍ നേതൃത്വം നല്‍കി.