കൊച്ചി: കടലില്‍ നിന്നുള്ള മീന്‍ലഭ്യത കുറയുന്നു എന്നത് സത്യമാണെങ്കിലും സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) പറയുന്നതു പോലെ ഭീകരമായ തോതില്‍ കുറവു വരുന്നില്ലെന്ന് ചില ബോട്ടുടമകളും തൊഴിലാളികളും.

'മീന്‍ കുറഞ്ഞു എന്ന് സ്ഥാപിക്കാനുള്ള കണക്കുകള്‍ സ്ഥാപനത്തിന് എങ്ങനെയാണ് കിട്ടിയത്? ഞങ്ങളോട് ആരും ചോദിച്ചിട്ടില്ല. ഞങ്ങള്‍ കൊടുത്തിട്ടുമില്ല' - അവര്‍ പറയുന്നു.

എന്നാല്‍, ശാസ്ത്രീയ മാര്‍ഗത്തിലൂടെ സൂക്ഷ്മമായി തയ്യാറാക്കുന്നതാണ് ഈ കണക്കുകളെന്നും വര്‍ഷങ്ങളായി നടക്കുന്ന ഈ സമ്പ്രദായത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാകാം ബോട്ടുകാരും മറ്റും ഇങ്ങനെ പറയുന്നതെന്നും സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ബോട്ടുകാരും മത്സ്യത്തൊഴിലാളികളും പറയുന്നത്:

മത്തിയുടെ ലഭ്യത കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 32.8 ശതമാനം കുറഞ്ഞു എന്നാണ് കഴിഞ്ഞ ദിവസം സി.എം.എഫ്.ആര്‍.ഐ. പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. ഇത്രയും കുറഞ്ഞിട്ടുണ്ടെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മത്തിക്ക് വലിയ വിലവര്‍ധന ഉണ്ടാകണമല്ലോ? അതുണ്ടായിട്ടില്ല. 'വേനല്‍പ്പണി'ക്ക് (മഴക്കാലത്തല്ലാതെയുള്ള മീന്‍പിടിത്തം) ഇപ്പോഴും മത്തിയാണ് കൂടുതല്‍ കിട്ടുന്നത്. ഒരു കിലോ മത്തിക്ക് ഈ വര്‍ഷത്തെ ശരാശരി വില 100 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിലയില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. ലഭ്യത വളരെക്കുറഞ്ഞെങ്കില്‍ വിപണിയില്‍ തീരെ കിട്ടാതിരിക്കണമായിരുന്നു. കിട്ടിയാല്‍ത്തന്നെ വലിയ വില കൊടുക്കണമായിരുന്നു. അതുണ്ടായിട്ടില്ല.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കാര്യമായ മത്തിവരവ് ഉണ്ടായിട്ടില്ല. അവിടെ മീന്‍തീറ്റയും മീനെണ്ണയും ഉണ്ടാക്കാനായി മത്തി ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.

33 ശതമാനം ലഭ്യത കുറഞ്ഞ അയലയുടെ കാര്യത്തിലും ഇതു ബാധകമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിപണിയില്‍ അയലയ്ക്ക് വലിയ വില വ്യത്യാസമുണ്ടായിട്ടില്ല.

സി.എം.എഫ്.ആര്‍.ഐ. പറയുന്നത്:

ഞങ്ങളുടെ കണക്കുകള്‍ കൃത്യമാണ്. കണക്കെടുക്കാന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ മാര്‍ഗമുണ്ട്. മത്സ്യസമ്പത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള ശാസ്ത്രീയമായ കണക്കെടുപ്പ് ആരംഭിച്ചത് അറുപതുകളിലാണ്. എഴുപതില്‍ അതു നവീകരിച്ചു. 'മള്‍ട്ടി സ്റ്റേജ് സ്ട്രാറ്റിഫൈഡ് റാന്‍ഡം സാമ്പ്‌ലിങ്' രീതിയാണ് അതിന് ഉപയോഗിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ലാന്‍ഡിങ് സെന്ററുകളില്‍ എല്ലാ ദിവസവും കൃത്യസമയത്ത് കണക്കെടുപ്പ് നടത്തുന്നുണ്ട്, കൃത്യതയാര്‍ന്ന തുടര്‍ പഠനവും. രാജ്യമൊട്ടാകെ അംഗീകരിച്ചിട്ടുള്ളതാണ് ഞങ്ങളുടെ കണ്ടെത്തലുകളും പഠനങ്ങളും. തൊഴിലാളികള്‍ക്കോ ബോട്ടുടമകള്‍ക്കോ അക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ സി.എം.എഫ്.ആര്‍.ഐ.യുമായി ബന്ധപ്പെടാവുന്നതേയുള്ളൂ. സംശയനിവൃത്തി വരുത്താം.