കൊച്ചി: മീനും മറ്റു ഭക്ഷ്യവസ്തുക്കളും അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് കട്ടകള്‍ നല്ല വെള്ളത്തിലല്ല ഉണ്ടാക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കണ്ടെത്തല്‍. മാരകമായ ജലജന്യരോഗങ്ങള്‍ക്ക് ഇടവരുത്തുന്നതാണിത്. ഭക്ഷ്യവസ്തുവിനെ സ്​പര്‍ശിക്കുന്ന ഐസ്, കുടിവെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്നതായിരിക്കണം എന്നാണ് അതോറിറ്റിയുടെ ഉത്തരവ്. ഈ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇവിടെ തീരെക്കുറവാണ്.

നിലവാരം കുറഞ്ഞ വെള്ളത്തിലും വൃത്തിയില്ലാത്ത സാഹചര്യത്തിലും ഐസ് ഉണ്ടാക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് അതോറിറ്റി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അഴുകാന്‍ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കളുടെ സംരക്ഷണം, സംഭരണം, ഗതാഗതം എന്നിവയ്ക്കാണ് ബ്ലോക്ക് ഐസ് ഉപയോഗിക്കുന്നത്. ഇവിടെ പച്ചമീന്‍ വില്പന പൂര്‍ണമായും ഇതിനെ ആശ്രയിച്ചാണ് നടക്കുന്നത്.

മീന്‍പിടിക്കാന്‍ കടലില്‍ പോകുന്നവര്‍ ആഴ്ചകളോളം മീന്‍ സൂക്ഷിക്കാന്‍ വേണ്ടി ഹാര്‍ബറില്‍ നിന്നുതന്നെ ആവശ്യമായ ബ്ലോക്ക് ഐസ് കയറ്റിക്കൊണ്ടുപോകും. പിടിച്ചുകൊണ്ടുവരുന്ന മീന്‍ സംഭരിക്കുന്ന സ്ഥലത്തും ഐസിന്റെ ഉപയോഗം ധാരാളമാണ്. ചന്തകളിലും സൈക്കിളില്‍ വീടുകളിലും മീനെത്തിക്കുന്നവരും ഐസ് ഉപയോഗിക്കുന്നു. ഇങ്ങനെ നിരന്തരം മീനിനെ തൊട്ടുകിടക്കുന്ന ഐസ്, കുടിവെള്ളം പോലെ ശുദ്ധമായിരിക്കണമെന്നാണ് അതോറിറ്റിയുടെ നിയമം അനുശാസിക്കുന്നത്.

പഴച്ചാറിലും മറ്റും ചേര്‍ക്കുന്ന ഐസ്‌കട്ടകള്‍ ഉണ്ടാക്കുന്നവര്‍ കുറെയൊക്കെ നല്ല വെള്ളം ഉപയോഗിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുമെങ്കിലും മീനിലിടുന്ന ഐസ് ഉണ്ടാക്കുന്ന പലര്‍ക്കും അങ്ങനെയൊരു മുന്‍കരുതലില്ല. ഈ ഐസിനെയും ഭക്ഷ്യവസ്തുവായാണ് പരിഗണിക്കേണ്ടതെന്നും അത്രയും ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജോയിന്റ് കമ്മിഷണര്‍ കെ. അനില്‍കുമാര്‍ പറഞ്ഞു.

കുടിവെള്ളത്തിന്റെ ലഭ്യത വളരെ കുറഞ്ഞിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍, എല്ലാറ്റിനും നല്ല ഐസ് ഉണ്ടാക്കുക എന്നത് ശ്രമകരമാണെന്ന് ഓള്‍ കേരള ഐസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ നേതാവ് കിഷോര്‍ പറഞ്ഞു. ജ്യൂസിലും മറ്റും ചേര്‍ക്കുന്ന ഐസ് ഉണ്ടാക്കുന്ന പ്ലാന്റുകളുണ്ട്. അവ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്കുള്ള ഐസ് ഉണ്ടാക്കുന്ന പ്ലാന്റുകളില്‍ 'ഇത് ഭക്ഷിക്കാന്‍ യോഗ്യമല്ല' എന്ന് രേഖപ്പെടുത്തിയ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.