കൊച്ചി: സമുദ്രതീരത്ത് കണ്ടെത്തുന്ന പ്ലാസ്റ്റിക് മനുഷ്യനില്‍ മാരക രോഗങ്ങള്‍ വരുത്തുന്നതിനു കാരണമാകുമെന്ന് കണ്ടെത്തല്‍. ഗ്ലോബല്‍ ഓഷ്യന്‍ നെറ്റ്വര്‍ക്കുമായി ചേര്‍ന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തിയ പഠനങ്ങളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

പ്ലാസ്റ്റിക്കിലെ ബിസ്ഫിനോള്‍ ആണ് മാരക രോഗങ്ങള്‍ വരുത്തുന്നത്. കടലിനടിയില്‍ കാണുന്ന വലിയ മത്സ്യങ്ങളിലും ആമകളിലും ബിസ്ഫിനോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. മൈക്രോ-നാനോ രൂപത്തിലുള്ള പ്ലാസ്റ്റിക്കിന്റെ അംശങ്ങളായിട്ടാണ് ഇവ മത്സ്യങ്ങളുടെ ഉള്ളില്‍ എത്തുന്നത്. ഈ കടല്‍വിഭവങ്ങള്‍ കഴിക്കുന്നതിലൂടെ മനുഷ്യര്‍ക്ക് മാരകമായ അസുഖങ്ങള്‍ ഉണ്ടാകുന്നു.

കാന്‍സര്‍, വന്ധ്യത പോലുള്ള രോഗങ്ങളും ശാരീരിക ബുദ്ധിമുട്ടികളും മനുഷ്യനില്‍ വരുമെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളേജി മറൈന്‍ ബയോളജി വിഭാഗം പ്രൊഫ. ഡോ. ബിജോയ് നന്ദന്‍ പറഞ്ഞു.

പ്ലാസ്റ്റിക് നിരോധനമാണ് ഇതിന് ഒരു പോംവഴി. ഇന്ത്യയില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. പ്ലാസ്റ്റിക്കിന്റെ ഒരു വലയം സമുദ്ര തീരത്തിനുള്ളില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവര്‍ നടത്തിയ പഠനത്തില്‍ കടലാമയുടെ മൂക്കിനുള്ളില്‍ പ്ലാസ്റ്റിക് സ്‌ട്രോ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ നെയ്മീന്‍, തിമിംഗിലം, തിരണ്ടി, സ്രാവ്, ഡോള്‍ഫിന്‍ എന്നിവയുടെ ഉള്ളില്‍ നിന്ന് മൈക്രോ പ്ലാസ്റ്റിക്കുകളും ഉണ്ടെന്ന് വ്യക്തമായി. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിറഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ജീവികളുടെ ആവാസ വ്യവസ്ഥയെ തന്നെ ബാധിച്ചിട്ടുണ്ട്.

സമുദ്രജീവികളുടെ പ്രജനനത്തെ ഇത് ബാധിച്ചിട്ടുണ്ട്. 40 ശതമാനത്തോളം മത്സ്യങ്ങള്‍ അടിത്തട്ടിലാണ് കഴിയുന്നത്. ഇവ സമുദ്രത്തിലെ മണ്ണിനടിയില്‍ നിന്നുമാണ് ആഹാരം കഴിക്കുന്നത്. മൈക്രോ, നാനോ രൂപത്തിലുളള പ്ലാസ്റ്റിക്കുകള്‍ ഈ ആഹാരത്തിലൂടെയാണ് ഇവയുടെ അകത്ത് എത്തുന്നത്. കടല്‍ജീവികളുടെ ആമാശയത്തിലും കുടലിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് പ്ലാസ്റ്റിക് അംശം ഉണ്ടാകുന്നത്. ഒരു പ്ലാസ്റ്റിക് കുപ്പി ശിഥിലമാകണമെങ്കില്‍ 200 വര്‍ഷങ്ങളോളം വേണ്ടി വരും. ഇത്രയും വര്‍ഷങ്ങള്‍ ഇത് മനുഷ്യനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വെള്ളവും പ്ലാസ്റ്റിക്കും തമ്മില്‍ രാസപ്രവര്‍ത്തനം നടക്കുമ്പോള്‍ കടലിലെ ജലത്തിന്റെ ഘടന തന്നെ മാറുന്നു. കടല്‍ ജീവികള്‍ക്ക് ശ്വസിക്കാന്‍ ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥ വരെ ഉണ്ടാകും.

മനുഷ്യന്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍, ബാഗുകള്‍, കവറുകള്‍, മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എന്നിവ പുഴകളിലൂടെയും കായലുകളിലൂടെയുമാണ് സമുദ്രത്തില്‍ എത്തുന്നത്. കാറ്റിലൂടെയും പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെയും ഇവ സമുദ്രത്തില്‍ എത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിനു പുറമെ ബീച്ചുകളില്‍ എത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യം സമുദ്രതീരത്ത് ഉപേക്ഷിക്കുന്നു. ഇതിലൂടെയാണ് സമുദ്രതീരത്ത് ഇത്രയും പ്ലാസ്റ്റിക് വരുന്നത്. ഇതിനു പുറമെ ഇന്ത്യയില്‍ പ്ലാസ്റ്റിക് ഉപയോഗം കൂടുന്നതും മാലിന്യം വര്‍ധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.