കൊച്ചി: കായല്‍ ജീവികള്‍ക്ക് ഭീഷണി ഉയര്‍ത്തി കേരളത്തിലെ കായലുകളില്‍ ഉപ്പിന്റെ അംശം കൂടുന്നു. കായലിന് മുകളില്‍ ചൂട് ക്രമാതീതമായി ഉയരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കായല്‍ ജീവികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി സി.എം.എഫ്.ആര്‍.ഐ. പരിസ്ഥിതി വിഭാഗം മേധാവി ഡോ. വി. കൃപ പറഞ്ഞു.

കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് കായലുകളിലെ ജെല്ലി ഫിഷ് കൂടിവരുന്നുണ്ട്. കായലിലെ ഉപ്പിന്റെ അളവ് കടല്‍ ജലത്തോട് അടുത്തിരിക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സി.എം.എഫ്.ആര്‍.ഐ. പരിസ്ഥിതി വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കായലില്‍ ശുദ്ധജലത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ സംസ്ഥാനത്തെ പല കായലുകളും മാലിന്യ ഭീഷണി നേരിടുന്നുണ്ട്.

മാലിന്യം കായല്‍ജീവികളുടെ വളര്‍ച്ചയെ തന്നെ ബാധിക്കുന്ന അവസ്ഥയാണ്. മഴയുടെ കുറവാണ് ഉപ്പിന്റെ അംശം വര്‍ധിക്കാന്‍ കാരണം. അഴിമുഖങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് കൂടുതല്‍ ചൂട്. കടലിലേക്കുള്ള ശുദ്ധജലത്തിന്റെ ഒഴുക്ക് വളരെയധികം കുറഞ്ഞു.

മഴ നന്നായി ലഭിച്ചാല്‍ പുഴകളില്‍ നിന്നും മറ്റും ശക്തിയായി വെള്ളം കായലിലേക്കും കടലിലേക്കും ഒഴുകിയെത്തുമായിരുന്നു. ഇതിലൂടെ കായലും ശുദ്ധീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കായലിലെ ഉപ്പിനെക്കുറിച്ച് പഠനം നടന്നിരുന്നു. ഇതില്‍ 5 മുതല്‍ 15 പി.പി.ടി. വരെയാണ് ഉപ്പിന്റെ അംശം കണ്ടെത്തിയിരുന്നത്. നിലവില്‍ അത് 25 മുതല്‍ 30 പി.പി.ടി. ആയിട്ടുണ്ട്.

കടലിലെ ഉപ്പിന്റെ നില 35 മുതല്‍ 38 പി.പി.ടി. വരെയാണ്. എറണാകുളം, കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ കായലുകള്‍ക്കാണ് കൂടുതല്‍ ഭീഷണി. കോഴിക്കോട് കല്ലുമ്മക്കായ കൃഷിയെയും ആലപ്പുഴയില്‍ ചെമ്മീന്‍ കെട്ടിനെയും ബാധിച്ചിട്ടുണ്ട്. മലബാര്‍ മേഖലയിലെ കായലുകളിലാണ് ഉപ്പിന്റെ അംശം കൂടിയിരിക്കുന്നത്.

മഴയുടെ കുറവിനെ തുടര്‍ന്ന് കായലുകളിലെ ജീവികള്‍ക്ക് നല്ല ഭക്ഷണം കിട്ടാത്ത അവസ്ഥയാണ്. പുഴവെള്ളം വരുമ്പോള്‍ നല്ല പായലുകള്‍ കായലിലേക്ക് വന്നിരുന്നു. ഇപ്പോള്‍ ഈ പ്രതിഭാസം നടക്കുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ കായല്‍ ജലത്തില്‍ ഓക്‌സിജന്‍ കുറയുകയും ജീവികള്‍ക്ക്് മരണം സംഭവിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്യാം.