കൊച്ചി: 'വളം പിടിക്കലും കരവലിയും' കേരളത്തിന്റെ കടലിനേയും തീരത്തേയും വറുതിയുടെ ദുരിതങ്ങളിലേക്ക് കൊണ്ടുപോകുന്നു. വളത്തിനു വേണ്ടി തീരെ ചെറിയ മീനുകളെ പിടിക്കുന്നതാണ് 'വളം പിടിക്കല്‍'. മണ്‍സൂണില്‍ കരയോട് ചേര്‍ന്നു കാണുന്ന മത്സ്യസമ്പത്തിനെ വാരിക്കൊണ്ടുപോകുന്നത് 'കരവലി'യും. രണ്ടും കടലിന്റെ സമൃദ്ധിയെ ചൂഷണം ചെയ്യുന്നതാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തില്‍ ചാളയുടെ ലഭ്യത കുത്തനെ കുറഞ്ഞത് ഒരു സൂചനയായിരുന്നിട്ടും ആരും കണ്ട ഭാവം നടിച്ചില്ല. കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ കടല്‍ത്തീരത്ത് ലഭിക്കുന്ന മത്സ്യസമ്പത്തില്‍ ഈ വര്‍ഷം 16 ശതമാനമാണ് കുറവ് വന്നിട്ടുള്ളത്.
സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വളംപിടിക്കലിലും കരവലിയിലും നിന്ന് കിട്ടുന്ന വരുമാനം വലുതായതിനാല്‍ ഇവ നടത്തുന്ന ബോട്ടുകാര്‍ അത് കാര്യമാക്കുന്നില്ല. തൊഴിലാളികളുടെ പേരു പറഞ്ഞ് ചില രാഷ്ട്രീയ നേതാക്കളും ബോട്ടുകാരെ പിന്തുണയ്ക്കാനുണ്ട്.

വളത്തിനു വേണ്ടി ചെറുമീനുകളെ പിടിക്കാന്‍ മറ്റു സംസ്ഥാനക്കാരും എത്തിയതോടെ സംഗതി കൂടുതല്‍ വഷളായി. കുളച്ചല്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് ബോട്ടുകാര്‍ കേരളതീരത്ത് വളം പിടിക്കാന്‍ എത്തുന്നുണ്ട്. അതുകണ്ട് കുറെക്കാലമായി ഇവിടെ 'വളം പിടിക്കല്‍' നടത്തിയിരുന്ന തദ്ദേശീയരും കൂടുതല്‍ ഉഷാറായി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, കടലില്‍ നിന്ന് ദിനംതോറും മീന്‍ പിടിച്ച് ഉപജീവനം കഴിച്ചിരുന്ന പാവപ്പെട്ട തൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ് വളംപിടിക്കലുകാരും കരവലിക്കാരും ചെയ്യുന്നത്. ഒപ്പം, കടലിന്റെ സമൃദ്ധിയും പരിസ്ഥിതിയും നശിപ്പിക്കുകയും ചെയ്യുന്നു.

സമൃദ്ധമായിരുന്ന കടല്‍ ദരിദ്രമാണിപ്പോള്‍. കടലിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വളംപിടിക്കലിനും കരവലിക്കുമെതിരെ രംഗത്തിറങ്ങിയതോടെ ഇത് ക്രമസമാധാന പ്രശ്‌നവുമായിട്ടുണ്ട്. കരവലിക്കെതിരെ ഫിഷറീസ് വകുപ്പ് കഴിഞ്ഞ ജൂലായില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. ഇതുവരെ നടപടിയൊന്നുമായിട്ടില്ല. അപകടകരമായ മിന്‍പിടിത്തം തുടര്‍ന്നാല്‍ 2048 ആകുമ്പോഴേക്കും ഭക്ഷ്യയോഗ്യമായ മീനുകളുടെ ലഭ്യത തീരെ ഇല്ലാതാകുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.കാലാവസ്ഥാ വ്യതിയാനം, വ്യാവസായികാടിസ്ഥാനത്തിലുള്ള മീന്‍പിടിത്തം എന്നിവ കൊണ്ട് ഇപ്പോള്‍ത്തന്നെ ലഭ്യതയില്‍ കുറവ് വന്നിട്ടുണ്ട്. അതിന്റെ കൂടെയാണ് വളംപിടിക്കലും കരവലിയും.