കൊച്ചി: തീരദേശ നിയന്ത്രണ നിയമം ജനത്തിനും സംസ്ഥാന സര്‍ക്കാറിനും ഒരുപോലെ തലവേദനയാകുന്നു. നിയമം ശരിയായി പാലിക്കാത്തത് പരിസ്ഥിതിക്കും ദോഷകരമാവുകയാണ്.
തീരദേശത്തായിപ്പോയതുകൊണ്ട് തന്റെ ഭൂമിയില്‍ കയറിക്കിടക്കാനൊരു വീട് വെയ്ക്കണമെങ്കില്‍ പാവപ്പെട്ടവര്‍ക്ക് പല വാതിലുകളും മുട്ടി അനുമതി തേടണമെന്ന സ്ഥിതിയുണ്ട്. എന്നാല്‍, നിയമ ലംഘനമാണെന്ന് തെളിഞ്ഞിട്ടും വന്‍കിടക്കാരുടെ നിര്‍മിതികള്‍ക്കൊന്നും പ്രശ്‌നമില്ല. പുതിയവ കെട്ടിയുയര്‍ത്തുന്നതിന് അവര്‍ക്ക് പ്രയാസവുമില്ല.
തീരദേശത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിനും കേന്ദ്ര നിയമത്തിനും തടസ്സമുണ്ടാകാത്ത വിധത്തില്‍ തീരദേശ നിയന്ത്രണം എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍. നിയമത്തില്‍ മാറ്റം വരുത്തുമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം എന്താകുമെന്ന് നോക്കട്ടെ, അതിനുശേഷം മതി മറ്റുള്ള കാര്യങ്ങള്‍ എന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്.
തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗം, മറ്റു പ്രാദേശിക സമൂഹം എന്നിവരുടെ ജീവസന്ധാരണം ഉറപ്പുവരുത്തുകയാണ് നിയന്ത്രണത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളില്‍ ഒന്നെങ്കിലും ഇപ്പോള്‍ അത് കൈവിട്ടു പോവുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. നിയന്ത്രണ വിജ്ഞാപനത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശത്ത് വീടുകളുടെ പുനര്‍ നിര്‍മാണത്തിന് പോലും ബുദ്ധിമുട്ടുകയാണ് അവര്‍.
പുനര്‍ നിര്‍മാണത്തിന് അനുമതി നല്‍കാമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും അതിന് തിരുവനന്തപുരത്ത് തീരദേശ പരിപാലന അതോറിട്ടിയില്‍ നിന്ന് എതിര്‍പ്പില്ലാ രേഖ വാങ്ങണം. മൂന്ന് വര്‍ഷം മുമ്പുവരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ അനുമതി നല്‍കാമായിരുന്നു.
അതിനിടെ, തീരദേശ മേഖലയില്‍ ൈകയേറ്റങ്ങള്‍ വ്യാപകമാകുന്നതായി പരാതിയുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം നൂറിലേറെ സ്ഥലങ്ങളില്‍ കായല്‍ കൈയേറി നികത്തിയിട്ടുള്ളതായി സെസ്സിന്റെ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാനില്‍ പറഞ്ഞിട്ടുണ്ട്. കായല്‍ത്തീരങ്ങളില്‍ വലിയ അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. നിയന്ത്രണമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കായലിന്റെ ആവാസ വ്യവസ്ഥയ്ക്ക് വലിയ ക്ഷതമേല്പിച്ചതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തീരദേശ നിയന്ത്രണ നിയമപ്രകാരം അതീവ ഭീഷണി നേരിടുന്ന കായല്‍ ഭാഗത്ത് പോലും ഇതാണവസ്ഥ.
പരിസ്ഥിതിയേയും സമുദ്ര മേഖലയേയും തനതായ രീതിയില്‍ സംരക്ഷിക്കണമെന്ന് നിയമം നിര്‍ദേശിക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കാന്‍ കഴിയുന്നില്ല. ജലമുഖവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ജെട്ടികള്‍, അനുബന്ധ കാര്യങ്ങള്‍ എന്നിവയൊഴികെ മറ്റൊരു വ്യവസായവും പാടില്ലെന്നും ഉള്ളവ വികസിപ്പിക്കരുതെന്നും നിര്‍ദേശിക്കുന്നുണ്ട്. ഷോപ്പിങ്, ഹൗസിങ് കെട്ടിട സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, വിനോദോപാധികള്‍ തുടങ്ങി വാണിജ്യാവശ്യങ്ങള്‍ക്കായുള്ള നികത്തല്‍ തീരദേശ നിയമപ്രകാരം കുറ്റകരമാണെങ്കിലും അത് നിര്‍ബാധം നടക്കുന്നുണ്ട്.