കൊച്ചി: മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കാതിരിക്കാനുള്ള നിയമം ദേശീയ തലത്തില്‍ നിലവില്‍ വരണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. 'പിടിച്ചെടുക്കാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ കുറഞ്ഞ വലിപ്പം' (മിനിമം ലീഗല്‍ സൈസ്) എന്ന വിഷയത്തില്‍ സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടലിലെ മത്സ്യസമ്പത്ത് കുറയുന്നത് തടയാനിത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു.
മത്സ്യം പിടിച്ചെടുക്കുന്നതിന് നിരോധനം നിലവില്‍ ഉണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. ഇതിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും കൂടുതല്‍ ശക്തമാകണം. അവര്‍ക്ക് അതിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കണം.
2014-15 വര്‍ഷങ്ങള്‍ താരതമ്യപ്പെടുത്തിയാല്‍ മീന്‍ പിടിത്തത്തില്‍ കുറവ് വന്നതിനാല്‍ 1267 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ഒരു വര്‍ഷം 60,000 മുതല്‍ 80,000 കിലോ വരെ മത്സ്യക്കുഞ്ഞുങ്ങളെയാണ് കേരള തീരത്തു നിന്ന് പിടിക്കുന്നത്. ഇവിടെ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഇത് കൊണ്ടുപോകുന്നത് തമിഴ്‌നാട്ടിലെ മുട്ടത്തേക്കാണ്. സംസ്ഥാന ഭേദമില്ലാതെ തീരദേശങ്ങളില്‍ നിരോധനം നടപ്പാക്കിയാലേ മത്സ്യസമ്പത്ത് സംരക്ഷിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ നടക്കുന്ന ശില്പശാലയുടെ ഭാഗമായി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മീനുകളുടെ പിടിക്കാവുന്ന കുറഞ്ഞ വലിപ്പം ഉള്‍പ്പെടുത്തി പുതിയ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
എം.പി.ഇ.ഡി.എ. അതോറിട്ടി മെമ്പര്‍ പി. ജയപ്രകാശ്, എം.പി.ഇ.ഡി.എ. ചെയര്‍മാന്‍ ഡോ. എ. ജയതിലക്, സെക്രട്ടറി ബി. ശ്രീകുമാര്‍, സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.