കൊച്ചി: ജൈവകൃഷി മേഖലയില്‍ കര്‍ഷകര്‍ക്ക് വഴികാട്ടിയായി 'വിള പരിപാലന ശുപാര്‍ശ സംഹിത' (പാക്കേജ് ഓഫ് പ്രാക്ടീസസ് റെക്കമെന്റേഷന്‍സ്) വരുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അവസാന മിനുക്കുപണിയിലാണത്.
കഴിഞ്ഞ വര്‍ഷം പ്രാബല്യത്തിലെത്തിയ അഡ്‌ഹോക് പാക്കേജിന്റെ തുടര്‍ച്ചയായാണ് ഇതു വരുന്നത്. കുറേ നാളുകളായി ജൈവകൃഷിയോട് കേരളത്തിലെ ജനങ്ങള്‍ക്ക് സവിശേഷമായ ആഭിമുഖ്യം തോന്നിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിനാവശ്യമായ ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ എളുപ്പത്തില്‍ കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആ കുറവ് പരിഹരിക്കാന്‍ ജൈവ വിള പരിപാലനത്തിന് സംഹിത തയ്യാറാക്കുന്നത്.
രാസവളവും കീടനാശിനിയുമൊക്കെ കൃത്യമായി ഉപയോഗിക്കുന്നതിനുള്ള പരിപാലന സംഹിത സംസ്ഥാനത്ത് നേരത്തേ തന്നെയുണ്ട്. ഇതില്ലാത്തതിന്റെ കുറവ് ജൈവകൃഷിയുല്പാദനത്തെ ബാധിക്കുന്നുമുണ്ട്. നെല്ല്, പച്ചക്കറി, കിഴങ്ങുവര്‍ഗം, തോട്ടവിളകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവയുടെ ജൈവകൃഷിക്കാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നത്. ഓരോ വിളയ്ക്കും ആവശ്യമായ ജൈവവളം, കീടനാശിനി, അവയുടെ അളവ്, ഉപയോഗക്രമം തുടങ്ങിയവ ഇതിലുണ്ടാകും.
ഇപ്പോള്‍ വളരെ കുറച്ച് ഏജന്‍സികള്‍ മാത്രമാണ് ശാസ്ത്രീയമായി തയ്യാറാക്കിയ ജൈവ കീടനാശിനികളും വളങ്ങളും വളര്‍ച്ചാ ത്വരകങ്ങളും മറ്റും കേരളത്തില്‍ വിതരണം ചെയ്യുന്നത്. അത് എവിടെയൊക്കെ കിട്ടുമെന്ന് വളരെ കുറച്ചാളുകള്‍ക്കേ അറിയൂ. കുറച്ചാളുകള്‍ക്കേ കിട്ടുന്നുമുള്ളൂ. എന്നാല്‍, ഉണങ്ങിയ ഇലയും മണ്ണും മറ്റും കൂട്ടിക്കലര്‍ത്തി ജൈവവളമെന്ന പേരില്‍ വിപണിയിലെത്തിക്കുന്നവര്‍ വരെയുണ്ട്. ജീവാണുക്കള്‍ വളരെ കുറവായതിനാല്‍ ഈ വളം ഉദ്ദേശിച്ച ഫലം ഉണ്ടാക്കില്ല. വളമിടുകയും വിള മോശമാവുകയും ചെയ്യുന്ന അവസ്ഥ. സ്വാഭാവികമായും കൃഷിക്കാരന് മടുപ്പ് തോന്നും.
വളത്തിന്റെ ഫലം ചെയ്യാത്ത ഈ തട്ടിക്കൂട്ടു വളത്തിനെതിരെ ഇന്നത്തെ സാഹചര്യത്തില്‍ നിയമത്തിനൊന്നും ചെയ്യാനാവില്ല. രാസവളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കൊണ്ടുവന്ന 1985-ലെ ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരം വളത്തില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍.പി.കെ.) എന്നിവയുടെ സാന്നിധ്യം ഉണ്ടാകണമെന്നേയുള്ളൂ. ജീവാണുവിന്റെ സാന്നിധ്യവും ഗുണവുമൊന്നും നിര്‍ബന്ധമേയല്ല.
വെറും മണ്ണ് പരിശോധിച്ചാല്‍ പോലും വേണ്ട അളവിലല്ലെങ്കില്‍പ്പോലും എന്‍.പി.കെ.യുടെ സാന്നിധ്യം കാണാനാവും. എന്‍.പി.കെ. മാത്രം പരിശോധിച്ച് ഗുണനിലവാരം നിശ്ചയിക്കുന്നത് അശാസ്ത്രീയമാണെന്ന് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം തലവന്‍ ഡോ. ഷിനോജ് സുബ്രഹ്മണ്യന്‍ പറയുന്നു.