കണ്ണൂർ: അനധികൃത സ്വത്തുസമ്പാദനം ആരോപിച്ചുള്ള കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എൽ.എ.യുടെ കോഴിക്കോട്ടെ വീട് അളന്നുതിട്ടപ്പെടുത്തിയതിനുപുറമേ കണ്ണൂരിലെ വീടും അളന്നു. ഇ.ഡി.യുടെ നിർദേശത്തെത്തുടർന്നാണ് വെള്ളിയാഴ്ച മണലിലെ വീട് അളന്നത്. കെട്ടിടത്തിന്റെ വിശദാംശങ്ങൾ, പെർമിറ്റ്, ഓണർഷിപ്പ് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി. ആരാഞ്ഞത്. ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി ടി.പി. ഉണ്ണികൃഷ്ണനോട് 27-ന് ഇ.ഡി.ക്കുമുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.എം. ഷാജി എം.എൽ.എ.യുടെ ഭാര്യയുടെ പേരിലാണ് മണലിലെ വീട് 2012-ൽ വാങ്ങിയത്. അന്ന് 10 ലക്ഷം സ്ഥലത്തിനും ഏഴുലക്ഷം വീടിനുമാണ് കണക്കാക്കിയത്. 2016-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സ്വത്ത്‌ വെളിപ്പെടുത്തലിൽ ഈ വീട് കാണിച്ചിട്ടുണ്ട്. നിലവിൽ ഏകദേശം 27 ലക്ഷത്തോളം വിലവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2325 ചതുരശ്ര അടി വിസ്തീർണമാണ് വീടിനുള്ളത്.

നോട്ടീസ് നൽകിയിട്ടില്ല -കെ.എം. ഷാജി

കെട്ടിടനിർമാണച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് തന്റെ വീട് പൊളിക്കാൻ കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകിയെന്നത് അടിസ്ഥാന രഹിതമാണെന്ന് കെ.എം. ഷാജി എം.എൽ.എ. പറഞ്ഞു. തനിക്കെതിരേനടന്ന വധശ്രമക്കേസിൽ മൊഴിനൽകാനെത്തിയ കെ.എം. ഷാജി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

കെട്ടിടനിർമാണച്ചട്ടം ലംഘിച്ചിട്ടില്ല. കേസുകളെല്ലാം രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് -അദ്ദേഹം പറഞ്ഞു.

വീടിന്റെ പെർമിറ്റ് എടുക്കുമ്പോൾ ഒമ്പതുവർഷത്തേക്കാണ് കാലാവധി. വീടിന്റെ നിയമപരമായ പേപ്പറുകൾ പൂർത്തിയായിട്ടില്ല. നിയമവിരുദ്ധമായ ഒരു നിർമാണവും അവിടെ നടന്നിട്ടില്ല.