കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടെന്തെന്ന് ഉന്നതാധികാരസമിതിയോഗം ചര്‍ച്ചചെയ്യാനിരിക്കെ, പാര്‍ട്ടിപ്രവര്‍ത്തകരോട് പരസ്യ ആഹ്വാനവുമായി കെ.എം.മാണി. ചെങ്ങന്നൂരില്‍ പ്രചാരണരംഗത്തിറങ്ങണമെന്നാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ചെയര്‍മാന്‍ മാണി നിര്‍ദേശം നല്‍കിയത്.

തദ്ദേശസ്ഥാപനങ്ങളിലെ പാര്‍ട്ടി വനിതാ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ ഒരുദിവസമെങ്കിലും നിര്‍ബന്ധമായും പ്രചാരണത്തിനെത്തണമെന്നും മാണി ആവശ്യപ്പെട്ടു.

ആര്‍ക്കുവേണ്ടിയാണ് പ്രചാരണം നടത്തേണ്ടതെന്ന്, തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനുശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കേരള വനിതാ കോണ്‍ഗ്രസ് എം. സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാണി.

യു.ഡി.എഫ്. വിട്ട് സ്വതന്ത്രനിലപാടു തുടരുകയാണ്. എന്നാല്‍, 18-നു ചേരുന്ന ഉന്നതാധികാരസമിതി യോഗത്തില്‍ ചെങ്ങന്നൂര്‍ വിഷയത്തില്‍ അന്തിമതീരുമാനമുണ്ടാകില്ലെന്നാണു വിവരം.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും യോഗം ചര്‍ച്ചചെയ്യും. പാര്‍ട്ടിനയം വ്യക്തമാക്കുന്നതിനു പിന്നാലെ കെ.എം.മാണി നേരിട്ട് ചെങ്ങന്നൂരില്‍ പ്രചാരണത്തിനിറങ്ങിയേക്കും.

കോണ്‍ഗ്രസും സി.പി.എമ്മും മാണിയുടെ സഹായം ചെങ്ങന്നൂരില്‍ പ്രതീക്ഷിക്കുന്നുണ്ട്. ത്രിപുര ഇഫക്ട് ചെങ്ങന്നൂരിലും പ്രതിഫലിപ്പിക്കാനുള്ള യത്‌നത്തിലാണ് ബി.ജെ.പി. മാണിഗ്രൂപ്പിന്റെ പിന്തുണ സി.പി.എം. തേടിയെന്നാണു സൂചന.

ബാര്‍കോഴ കേസിലെ സ്‌പെഷ്യല്‍ പബ്‌ളിക്‌ േപ്രാസിക്യൂട്ടര്‍ക്കെതിരേ ആഭ്യന്തരസെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ കത്തു നല്‍കിയതും രാഷ്ട്രീയശ്രദ്ധ നേടിയിട്ടുണ്ട്.

മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെ പരസ്യമായി പബ്‌ളിക്‌ േപ്രാസിക്യൂട്ടര്‍ കെ.പി.സതീശന്‍ തള്ളിപ്പറഞ്ഞിരുന്നു.

ചെങ്ങന്നൂരില്‍ ആര്‍ക്കാണു ജയസാധ്യതയെന്നു നിര്‍ണയിക്കുന്നതില്‍ പാര്‍ട്ടിനിലപാടു പ്രധാനമാണെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.യും പറഞ്ഞു.


മണ്ഡലത്തില്‍ മുന്നൊരുക്കം

ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ചെങ്ങന്നൂരില്‍ ഓരോ പഞ്ചായത്തിലും പാര്‍ട്ടിയെ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള ചുമതല സംസ്ഥാനഭാരവാഹികള്‍ക്കു നല്‍കാന്‍ കേരള കോണ്‍ഗ്രസ് എം. തീരുമാനിച്ചു.

വാര്‍ഡടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേര്‍ന്നുതുടങ്ങി. പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനുള്ള അവസരമാണിതെന്നും, വോട്ട് ആര്‍ക്കെന്നുള്ള നിര്‍ദേശം വൈകാതെ എത്തുമെന്നുമാണ് സംസ്ഥാനനേതൃത്വം താഴെത്തട്ടിലേക്കു നല്‍കുന്ന സന്ദേശം.