തിരുവനന്തപുരം: കെ.എം. മാണിയുടെ ഓർമകൾ പങ്കിട്ട് കക്ഷിഭേദമില്ലാതെ രാഷ്ട്രീയരംഗത്തെ പ്രമുഖർ ഒത്തുചേർന്നു. തലസ്ഥാനത്ത് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയാണ് അനുസ്മരണം സംഘടിപ്പിച്ചത്.

കേരള കോൺഗ്രസിനെ പ്രസക്തമാക്കിയതും ബജറ്റുകൾക്ക് ജനകീയമുഖം നല്കിയതും കെ.എം. മാണി ആയിരുന്നുവെന്ന് പ്രതിപക്ഷനേതവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് എപ്പോഴും ആത്മവിശ്വാസമുണ്ടാക്കിത്തന്ന നേതാവായിരുന്നു മാണിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരിച്ചു.

മാണിയുടെ ചരിത്രം കേരള കോൺഗ്രസിന്റെയും കേരളത്തിന്റെയും ചരിത്രമാണെന്ന് സി.പി.എം. സംസ്ഥാന സമിതിയംഗം എം. വിജയകുമാർ അനുസ്മരിച്ചു. വ്യക്തിപരമായ ബന്ധത്തിന് പ്രാധാന്യം നല്കിയ നേതാവാണ് മാണിയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

സഭയിൽ തനിക്ക് മാർഗദർശിയായിരുന്നു മാണിയെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം ഒ. രാജഗോപാൽ പറഞ്ഞു. മണ്ഡലത്തിലെ ചെറു പ്രശ്നങ്ങൾപോലും സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരംനേടാൻ മാണി ശ്രദ്ധിച്ചിരുന്നുവെന്ന് ആർ.എസ്.പി. ദേശീയ നിർവാഹക സമിതിയംഗം എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.

രാഷ്ട്രീയ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുംവിധം മാണിയുടെ പൊതുപ്രവർത്തനം പഠന വിധേയമാക്കണമെന്ന് മുസ്‌ലിംലീഗ് നിയമസഭാ ഉപനേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന യു.ഡി.എഫ്. ഏകോപന സമിതി സെക്രട്ടറി ജോണി നെല്ലൂരിന്റെ നിർദേശത്തെ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് പിന്തുണച്ചു.

വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസ് കെ. മാണി, ജനറൽ സെക്രട്ടറി ജോയ് എബ്രഹാം, എം.എൽ.എ. മാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, ഉന്നതാധികാര സമിതിയംഗം തോമസ് ചാഴികാടൻ എന്നിവർ പങ്കെടുത്തു.

content highlights: KM mani, Kerala Congress, Ramesh chennithala, Oommen Chandi