രാഷ്ട്രീയനേതാവ്, പ്രഗല്‌ഭനായ പാർലമെന്റേറിയൻ, ഭരണാധികാരി, ഉജ്ജ്വലനായ വാഗ്‌മി എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ രാഷ്ട്രീയനേതാവാണ് കെ.എം. മാണി.

എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കൂടെ പ്രവർത്തിച്ചു. സി.പി.എമ്മുമായി ഇണങ്ങിയും പിണങ്ങിയും നിലകൊണ്ടിട്ടുണ്ട്. 1980-ൽ ഇ.കെ. നായനാരുടെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. ആ ഘട്ടത്തിൽ ഇടതുപക്ഷത്തിന്റെ ശക്തനായ വക്താവുകൂടിയായിരുന്നു കെ.എം. മാണി. 1974- കാലഘട്ടത്തിൽ സി.പി.എമ്മിനൊപ്പം അദ്ദേഹം സഹകരിച്ച് പ്രവർത്തിച്ചിരുന്നു. അന്നത്തെ യു.ഡി.എഫ്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി ഒട്ടേറെ സമരങ്ങളിൽ അദ്ദേഹം സി.പി.എമ്മിന് ഒപ്പംനിന്നു. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുവരെ സി.പി.എമ്മുമായി ആ ബന്ധം തുടർന്നു.

നിയമസഭയിൽ എതിർപക്ഷത്തിരുന്ന് പലപ്പോഴും അദ്ദേഹവുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്. ഞാൻ നിയമസഭയിൽ അംഗമായ അഞ്ചു ഘട്ടങ്ങളിലും അദ്ദേഹം എതിർപക്ഷത്തായിരുന്നു. ആ സന്ദർഭങ്ങളിലെല്ലാം ശക്തമായ വാദപ്രതിവാദങ്ങളുമായി പലപ്പോഴും സഭയിൽ നേർക്കുനേർ നിന്നു. എന്നാൽ, അതൊന്നും സ്‌നേഹബന്ധത്തിൽ കുറവുവരുത്തിയില്ല. പരസ്പരബഹുമാനം കാത്തുസൂക്ഷിക്കാൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. ഒരിക്കൽ നിയമസഭാ പ്രതിനിധിസംഘത്തിൽ അദ്ദേഹത്തിനൊപ്പം വിദേശരാജ്യങ്ങളിൽ പര്യടനം നടത്താനുള്ള അവസരമുണ്ടായി. ഈ സന്ദർഭത്തിലാണ് അദ്ദേഹത്തിന്റെ സ്‌നേഹബന്ധം നേരിട്ടനുഭവിച്ചത്. മുതിർന്ന രാഷ്ട്രീയക്കാരനായല്ല സഹോദരതുല്യനായിട്ടായിരുന്നു യാത്രയ്ക്കിടയിൽ അദ്ദേഹം പെരുമാറിയിരുന്നത്.

രണ്ടുമാസംമുമ്പ് പാലായിൽ ഒരു ചടങ്ങിനിടെയാണ് അദ്ദേഹത്തെ അവസാനമായി കാണുന്നത്. ഞാൻ ഉണ്ടെന്നറിഞ്ഞ് എന്റെ അടുത്തുവരാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും അദ്ദേഹം കാണിച്ച സന്മനസ്സ് ഓർക്കാതിരിക്കാനാവില്ല. എന്റെ കൂടെയുണ്ടായിരുന്ന ഭാര്യയും കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ സൗഹൃദം അടുത്തറിഞ്ഞ അവസരം കൂടിയായിരുന്നു.

content highlights: km mani, kodiyeri balakrishnan