ആദ്യകാലത്ത് എന്റെ റോൾ മോഡലായിരുന്നു കെ.എം. മാണി. അദ്ദേഹത്തെ മാതൃകയാക്കിയാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്. നിയമസഭയിൽ അദ്ദേഹത്തിന്റെ നീക്കങ്ങൾ ശ്രദ്ധിക്കുമായിരുന്നു. പലതും ജീവിതത്തിൽ പകർത്തി.

1982-ൽ ആദ്യമായി നിയമസഭയിലെത്തുമ്പോൾ മാണിസാർ വലിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗപാടവം, അവതരണ രീതി, നേതൃപാടവം എന്നിവയാണ് ആകർഷിച്ചത്. എം.എൽ.എ.മാരെ കൊണ്ടുനടക്കുന്നതിലും പാർട്ടിയോഗങ്ങൾ സംഘടിപ്പിക്കുന്നതിലുമെല്ലാം ഒരു ‘മാണി ടച്ച്’ ഉണ്ടായിരുന്നു. യോഗത്തിൽ ഇരിക്കുന്നതിൽപ്പോലും അദ്ദേഹം വളരെ ശ്രദ്ധിച്ചു. സംസാരിക്കുമ്പോൾ അഭിമുഖമായിത്തന്നെ ഇരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.

1991-ൽ ഞങ്ങൾ മന്ത്രിസഭയിൽ ഒന്നിച്ചുവന്നു. അന്നുമുതൽ ഇന്നുവരെ എന്റെ ഉറ്റസുഹൃത്തായിരുന്നു കെ.എം. മാണി. എല്ലാ രാഷ്ട്രീയ പ്രതിസന്ധികളും ഞങ്ങൾ ഒന്നിച്ചാണ് നേരിട്ടത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴും സൗഹൃദത്തിന് കോട്ടം സംഭവിച്ചില്ല.

കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾവരെ അദ്ദേഹം പങ്കുവെച്ചു. മുന്നണി വിട്ട് കുറച്ചുകാലം നിന്നപ്പോഴും ബന്ധത്തിൽ വിള്ളലുണ്ടായില്ല. മുന്നണി വിട്ടാലും എന്നെ വിട്ടുപോകുന്നതിലാണ് സങ്കടമെന്ന് അക്കാലത്ത് അദ്ദേഹം തമാശകലർത്തി പറയുമായിരുന്നു. 2017-ൽ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ മുന്നണിബന്ധം നോക്കാതെ മലപ്പുറത്തുവന്ന് എനിക്ക് പരസ്യമായി പിന്തുണപ്രഖ്യാപിച്ചു. അത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണ്.

ആ വ്യക്തിബന്ധം ഉപയോഗിച്ചാണ് അവസാനം അദ്ദേഹത്തെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. തിരിച്ചുവന്നേ പറ്റൂ എന്ന് സ്‌നേഹത്തോടെ നിർബന്ധിച്ചപ്പോൾ അദ്ദേഹം വഴങ്ങുകയായിരുന്നു. നിയമസഭയിൽ വിഷയം പഠിച്ചുകൊണ്ടല്ലാതെ സംസാരിക്കില്ലായിരുന്നു.