കോട്ടയത്ത് എന്റെ സീനിയർ നേതാവായിരുന്നു കെ.എം. മാണിസാർ. അന്ന് അദ്ദേഹം ഡി.സി.സി. സെക്രട്ടറിയായിരുന്നു. ഞാൻ കെ.എസ്‌.യു.ക്കാരനും. കോട്ടയം ഡി.സി.സി. ഓഫീസിനു മുന്നിലൂടെയാണ് ഞാൻ അന്ന് സി.എം.എസ്. കോളേജിൽ പോയിരുന്നത്. അതുവഴി പോകുമ്പോൾ, മാണിസാറിനെ പലവട്ടം കണ്ടിട്ടുണ്ട്. അന്നും കാണാൻ നല്ല ഗാംഭീര്യമാണ്.

1977-ൽ എന്റെ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കടുകട്ടിയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഘടന അന്ന് ആകെ മാറിയിരുന്നു. അകലക്കുന്നം, പള്ളിക്കത്തോട്, അയർക്കുന്നം, കൂരോപ്പട തുടങ്ങിയ പഞ്ചായത്തുകൾ പുതുപ്പള്ളിയിൽ പുതുതായെത്തി. എനിക്ക് അന്ന് ഈ പ്രദേശങ്ങളുമായി കാര്യമായ ബന്ധമില്ല. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോൾ പാലാ കെ.എം. മാത്യു സാർ വലിയ സഹായമായി കൂടെനിന്നു. അപ്പോഴും നാലുപഞ്ചായത്തുകൾ പേടിസ്വപ്നമായി നിലകൊണ്ടു. തുടർന്നാണ് ഞാൻ മാണിസാറിന്റെ സഹായം തേടിയത്. അദ്ദേഹം ഈ പ്രദേശത്തെ തിരഞ്ഞെടുപ്പിന്റെ ചുക്കാൻ ഏറ്റെടുത്തു. അഞ്ച് യോഗങ്ങളിൽ പ്രസംഗിച്ചു. അതോടെ കളംമാറി. മിന്നുന്ന ജയം നേടുകയും ചെയ്തു.

ഞാൻ മുഖ്യമന്ത്രിയായ രണ്ട് മന്ത്രിസഭകളിൽ അദ്ദേഹം ധനം ഉൾപ്പെടെയുള്ള വകുപ്പുകളുടെ ചുമതല വഹിച്ചു. 49 വർഷം ഞാൻ നിയമസഭയിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം കൂടെയുണ്ടായിരുന്നു. മാണിസാറിന് ജനങ്ങളെ ആകർഷിക്കാനുള്ള ഒരു കാന്തശക്തിയുണ്ട്.

മണ്ഡലം കാത്തുസൂക്ഷിക്കുന്നതിലും അതിലെ ആൾക്കാരുമായി ബന്ധം നിലനിർത്തുന്നതിലും ഒരുപക്ഷേ മാണിസാർ എനിക്ക് ഗുരുവായി വരും. പാലായുമായുള്ള ഹൃദയബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞത് പാലാ തന്റെ രണ്ടാം ഭാര്യയാണ് എന്ന്.

ബജറ്റുകളുടെ തോഴൻ

ഓരോ ബജറ്റും മാണിസാറിന് പുതിയ അനുഭവങ്ങളായിരുന്നു. ഓരോന്നിലും പുതിയ ആശയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കമ്മിബജറ്റുകളുടെ കാലത്ത് 1980-ൽ മിച്ചബജറ്റ് അവതരിപ്പിച്ച് കൈയടിയും വിവാദവുമുണ്ടാക്കി. രാജ്യത്ത് ആദ്യമായി കർഷകത്തൊഴിലാളി പെൻഷൻ നടപ്പാക്കി. 2011-ൽ ചെറുകിട നാമമാത്ര കർഷകർക്ക് പെൻഷൻ നൽകാനും തീരുമാനിച്ചു. മാസം 10 യൂണിറ്റ് വരെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി സൗജന്യമായി നൽകി. പട്ടയവിപ്ലവം, വെളിച്ചവിപ്ലവം തുടങ്ങിയ നൂതന ആശയങ്ങൾ അദ്ദേഹത്തിന്റേതാണ്.

കാരുണ്യയും വിലസ്ഥിരതാ പദ്ധതിയും

യു.ഡി.എഫ്. സർക്കാരിന്റെ ഏറ്റവും ജനസമ്മതി നേടിയ പദ്ധതി കാരുണ്യ ചികിത്സാ പദ്ധതിയായിരുന്നു. അഞ്ചുവർഷംകൊണ്ട് 1200 കോടി രൂപ മാരകരോഗം ബാധിച്ച 1.42 ലക്ഷം പേർക്ക് നൽകി. ഈ പദ്ധതി വിജയകരമാക്കിയത് മാണിസാറാണ്. അദ്ദേഹത്തിന്റെ അവസാനത്തെ പ്രസ്താവന കാരുണ്യ നിർത്തലാക്കരുത് എന്നായിരുന്നു.

മാണിസാറിന്റെ വിയോഗം പലർക്കും പല രീതിയിലാണ് ബാധിക്കുക. എനിക്ക് അദ്ദേഹം അടുത്ത സുഹൃത്തായിരുന്നു. നല്ല സഹപ്രവർത്തകനായിരുന്നു. എല്ലാറ്റിലുമുപരി ഏതു കാര്യത്തിലും ഉപദേശം തേടാൻ പറ്റിയ വ്യക്തിയായിരുന്നു. എനിക്ക് അത് പലപ്പോഴും വലിയ ആത്മവിശ്വാസം പകർന്നുതന്നിട്ടുണ്ട്.

content highlights: km mani