കോട്ടയം: കോട്ടയത്ത് മത്സരിക്കാനൊരുങ്ങുന്ന പി.ജെ. ജോസഫിനോട് അല്പംകൂടി കാത്തിരിക്കാൻ പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ നിർദേശം. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ നേതാക്കളുമായി ചർച്ചചെയ്തശേഷം സ്ഥാനാർഥിത്വം തീരുമാനിക്കുമെന്ന് മാണി വ്യക്തമാക്കി.

ജോസഫിന് പൊടുന്നനെ സീറ്റ് കൈമാറാനാകില്ലെന്ന സന്ദേശം നൽകിയാണ് കേരള കോൺഗ്രസ്-എം സ്റ്റിയറിങ് കമ്മിറ്റിയോഗം ഞായറാഴ്ച പിരിഞ്ഞത്. അന്തിമതീരുമാനം തിങ്കളാഴ്ച വൈകീട്ടുണ്ടായേക്കും.

മണ്ഡലത്തിന്റെ മനസ്സറിയുന്നയാൾ സ്ഥാനാർഥിയാകണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മാണിവിഭാഗം. ചില ഉപാധികളിലുള്ള തീരുമാനം വൈകുന്നതാണ് അനിശ്ചിതത്വം തുടരാൻ കാരണമെന്നും സൂചനയുണ്ട്. യു.പി.എ. അധികാരത്തിലെത്തിയാൽ ലഭിച്ചേക്കാവുന്ന ‘കേന്ദ്രമന്ത്രി’സ്ഥാനം ആർക്കെന്നതിലും ഉപാധി വേണ്ടിവന്നേക്കാം. പ്രിൻസ് ലൂക്കോസ്, തോമസ് ചാഴിക്കാടൻ എന്നിവർക്കും മാണിവിഭാഗം പരിഗണന നൽകുന്നു.

സീറ്റ് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ജോസഫ് ഗ്രൂപ്പ്. മത്സരിക്കാനുള്ള താത്പര്യം ഞായറാഴ്ച രാവിലെ പാലായിൽ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിലും ജോസഫ് ആവർത്തിച്ചു. സീറ്റ് വിട്ടുനൽകുന്നതിൽ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ചർച്ചയ്ക്കിടെ മാണി വ്യക്തമാക്കി. ജോസ് കെ. മാണി എം.പി., ജോയ് എബ്രഹാം, പാർട്ടി എം.എൽ.എ.മാർ എന്നിവർ പങ്കെടുത്തു.

വൈകീട്ട് കോട്ടയത്ത് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം ഒരുമണിക്കൂർ നീണ്ടു. ലോക്‌സഭാംഗമാകാൻ വളരെക്കാലമായി ആഗ്രഹിക്കുന്നുവെന്ന് യോഗത്തിൽ ജോസഫ് പറഞ്ഞു. ഇതിനുള്ള അവസരം ഇക്കുറി നൽകണമെന്നും കൂട്ടിച്ചേർത്തു. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജോസഫിന്റെ നടപടിയെ മാണിവിഭാഗത്തിലെ ചിലർ വിമർശിച്ചു.

സ്ഥാനാർഥിനിർണയത്തിന് കെ.എം. മാണിയെ ചുമതലപ്പെടുത്താൻ നേതൃയോഗം തീരുമാനിച്ചതായി സി.എഫ്. തോമസ്, കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. കൂടുതൽ ചർച്ചയിലേക്കുപോകാതെ തീരുമാനം അംഗീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

യോഗത്തിന് പോലീസ് കാവൽ

സ്റ്റിയറിങ് കമ്മിറ്റിയോഗം നടക്കുന്ന ഓഡിറ്റോറിയത്തിന് മുന്നിൽ പോലീസ് കാവലും. സംഘർഷമുണ്ടാകുമെന്ന സൂചനയെത്തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

തീരുമാനം ഉടൻ

സ്ഥാനാർഥിപ്രഖ്യാപനം ഉടനുണ്ടാകും. മണ്ഡലം നേതാക്കളുടെ അഭിപ്രായമാണ് പ്രധാനം

-കെ.എം. മാണി

ശുഭാപ്തിവിശ്വാസത്തിൽ

മത്സരിക്കാൻ അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. എല്ലാം ശുഭമായി പര്യവസാനിക്കുമെന്ന് കരുതുന്നു

-പി.ജെ. ജോസഫ്