തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിനു നന്ദിപറയുന്ന പ്രമേയത്തിന് നിയമസഭയിൽ തുടക്കമായി. മുൻ ആരോഗ്യമന്ത്രിയും പാർട്ടി വിപ്പുമായ കെ.കെ. ശൈലജ പ്രമേയം അവതരിപ്പിച്ചതോടെ ആദ്യ വനിതാ അംഗം എന്ന ചരിത്രവുമായി.

ആരോഗ്യപ്രവർത്തകരും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പോലീസുമൊക്കെ കഠിനമായി പരിശ്രമിച്ചതുകൊണ്ട് മരണനിരക്ക് കേരളത്തിൽ 0.4 ശതമാനമായി പിടിച്ചുനിർത്താനായെന്ന് ശൈലജ പറഞ്ഞു. മരണങ്ങൾ കണക്കിൽപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെക്കുറിച്ച് പരിശോധിക്കാവുന്നതേയുള്ളൂ. ഡോക്ടർമാർ അങ്ങനെ വീഴ്ചവരുത്തില്ല. അഥവാ വീഴ്ചയുണ്ടെങ്കിൽ വിട്ടുപോയ മരണങ്ങൾകൂടി ചേർത്താലും 0.5 ശതമാനത്തിൽ കൂടില്ല -അവർ പറഞ്ഞു.

ഭരണപക്ഷത്തുനിന്ന് കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, എൻ. ജയരാജ്, സി.എച്ച്. കുഞ്ഞമ്പു, മാത്യു ടി. തോമസ്, ഡി.കെ. മുരളി, യു. പ്രതിഭ, ഇ.കെ. വിജയൻ, പി.വി. അൻവർ, എം. നൗഷാദ്, എ. ആൻസലൻ, എ.എൻ. ഷംസീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.