കാഞ്ഞങ്ങാട്: കട്ടിലിൽ ക്ഷീണിതയായി കിടക്കുകയായിരുന്നു ശരത്‌ലാലിന്റെ അമ്മ ലത. ’കെ.കെ.രമ വന്നിരിക്കുന്നു. അറിയില്ലേ, ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ..’ കട്ടിലിലിരുന്ന രമയുടെ കൈ ആ അമ്മ മുറുക്കിപ്പിടിച്ചു. എന്നിട്ട് ചെരിഞ്ഞുകിടന്നു വിതുമ്പി. ഒന്നും പറയാനാകാതെ നിറകണ്ണുകളോടെ രമയും. ലതയുടെ വിതുമ്പൽ പൊട്ടിക്കരച്ചിലായി. ലതയുടെ കണ്ണീർ തുടച്ചുകൊടുത്തുകൊണ്ട് രമ പറഞ്ഞു ’എന്റെ ഭർത്താവിനെയും അവർ കൊത്തിനുറുക്കുകയാണ് ചെയ്തത്’. ഇത്രയും പറഞ്ഞപ്പോൾ രമയ്ക്കും കരച്ചിലടയ്ക്കാനായില്ല. മുറിക്കകത്തുണ്ടായിരുന്നവരെല്ലാം തേങ്ങുകയും വിതുമ്പുകയും ചെയ്യുന്ന വൈകാരിക നിമിഷം. ലതയുടെ തലയിൽ തലോടിക്കൊണ്ട് ഒന്നോ രണ്ടോ ആശ്വാസവാക്കുകൾ പറഞ്ഞു. കൃപേഷിന്റെ അമ്മ ബാലാമണിക്ക് മുമ്പിലെത്തിയപ്പോഴും ഇതേ അനുഭവംതന്നെ. ഓലക്കുടിലിലെ കട്ടിലിൽ ഇരിക്കുകയായിരുന്നു ബാലാമണി. കോൺഗ്രസ് നേതാവ് അഡ്വ. എം.കെ.ബാബുരാജാണ് സി.പി.എമ്മുകാർ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ രമയാണ് ഇവരെന്ന് ബാലാമണിയോട് പറഞ്ഞത്. രമ കട്ടിലിലിരുന്നപ്പോൾ ബാലാമണി കൈചേർത്തുപിടിച്ചു. രണ്ടുപേരും ഒന്നും മിണ്ടിയില്ല. തോർത്തിൽ മുഖം പൊത്തിക്കരഞ്ഞ ബാലാമണിയുടെ തലയിൽ ഏറെസമയം തലോടി. വാക്കുകൾക്കപ്പുറത്ത് പറഞ്ഞറിയിക്കാനാകാത്ത ആശ്വസിപ്പിക്കൽ ആ തഴുകിത്തലോടലിലുണ്ടായിരുന്നു.

ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനുമുമ്പും കൊലവിളിപ്രസംഗം ഉണ്ടായിരുന്നു -കെ.കെ.രമ

കാഞ്ഞങ്ങാട്: ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനുമുമ്പ് കൊലവിളിപ്രസംഗം നടത്തിയിരുന്നുവെന്നും അതിന് സമാനമായാണ് കല്യോട്ടും ഒരു ജില്ലാനേതാവ് കൊലവിളിപ്രസംഗം നടത്തിയതെന്നും ആർ.എം.പി. നേതാവ് കെ.കെ.രമ. ചന്ദ്രശേഖരന്റെ തല തെങ്ങിൻപൂക്കുലപോലെ ചിതറുമെന്നായിരുന്നു അന്ന് ഒരു പ്രാദേശികനേതാവ് പ്രസംഗിച്ചത്. ഇവിടെ ശരത്‌ലാലിനെയും കൃപേഷിനെയും കൊല്ലുന്നതിന് ആഴ്ചകൾക്കുമുമ്പ് ഇതേരീതിയിൽ കൊലവിളിപ്രസംഗം നടത്തി. തങ്ങളിതാ ജീവനെടുക്കാൻ തയ്യാറെടുത്തിരിക്കുന്നുവെന്ന ധ്വനി നാടിനു നൽകുകയാണ് സി.പി.എം. നേതാക്കൾ ചെയ്യുന്നത്. ഒരാൾമാത്രം പ്ലാൻചെയ്താൽ ഇത്രയും ഹീനമായ കൊല നടത്താനാകില്ല. ഒരാളുടെ വ്യക്തിവിദ്വേഷംമാത്രമാണ് രണ്ടു ചെറുപ്പക്കാരെ കൊന്നൊടുക്കാൻ കാരണമായതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കേരള പോലീസ് അന്വേഷിച്ചാൽ യഥാർഥപ്രതികൾ ശിക്ഷിക്കപ്പെടില്ല. അതുകൊണ്ടുതന്നെ അന്വേഷണം സി.ബി.ഐ.ക്ക് വിടണം -രമ ’മാതൃഭൂമി’യോടു പറഞ്ഞു

content highlights: KK Rama, CPIM, PMP, kasaragod double murder