കാക്കനാട്: കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര നിയമ ലംഘനങ്ങളെന്ന് എം.എൽ.എ.മാർ. തൊഴിൽ വകുപ്പ് മാത്രം എട്ടിലധികം നിയമ ലംഘനങ്ങൾ കണ്ടെത്തി. സി.എസ്.ആർ. ഫണ്ട് ട്വന്റി-20 പാർട്ടി ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും എം.എൽ.എ.മാർ ആവശ്യപ്പെട്ടു.

കിറ്റെക്സുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ഉന്നയിച്ച പരാതികൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ജാഫർ മാലിക് കളക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിലാണ് എം.എൽ.എ.മാരായ പി.ടി. തോമസ്, പി.വി. ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർ ആരോപണം ഉന്നയിച്ചത്.

കിഴക്കമ്പലം പഞ്ചായത്തിന്റെ തനതു ഫണ്ടായ 13 കോടി രൂപ കഴിഞ്ഞ ഭരണസമിതി മിച്ചം െവച്ചതു സംബന്ധിച്ച് അന്വേഷണം വേണമെന്ന് പി.ടി. തോമസ് എം.എൽ.എ. ആവശ്യപ്പെട്ടു.

സർക്കാർ നൽകുന്ന ഓണറേറിയത്തിനു പുറമെ കിഴക്കമ്പലം പഞ്ചായത്തിലെ അംഗങ്ങൾ കമ്പനിയുടെ ശമ്പളം പറ്റുന്നുവെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ. പറഞ്ഞു.

കമ്പനിയുടെ മലിനീകരണ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കൃഷിവകുപ്പിന്റെയും റിപ്പോർട്ടുകൾ പുനഃപരിശോധിക്കണമെന്നും ശ്രീനിജിനും എൽദോസ് കുന്നപ്പിള്ളിയും ആവശ്യപ്പെട്ടു.

കളക്ടറുടെ വിശദമായ റിപ്പോർട്ടിനു ശേഷം തുടർ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാർശ ചെയ്യുമെന്ന് യോഗത്തിനു ശേഷം എം.എൽ.എ.മാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഉദ്യോഗസ്ഥർക്ക് ഏത് കമ്പനിയിലും പരിശോധന നടത്താം: ജില്ലാ കളക്ടർ

കാക്കനാട്: പരിശോധനകൾക്കെത്തുന്ന ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപന മേധാവികൾ തടയുന്ന മനോഭാവം അനുവദിക്കാൻ കഴിയില്ലെന്ന് ജില്ല കളക്ടർ ജാഫർ മാലിക്. ഉദ്യോഗസ്ഥർക്ക് പരാതികൾ ലഭിച്ചാൽ ഏത് കമ്പനിയിലും പരിശോധന നടത്താം. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പരിശോധന നടത്തേണ്ടതെന്നും കളക്ടർ വ്യക്തമാക്കി.

ആരോപണം വസ്തുതാവിരുദ്ധം-സാബു എം. ജേക്കബ്

കിഴക്കമ്പലം: എം.എൽ.എ. മാരുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം. ജേക്കബ് പറഞ്ഞു.

ട്വന്റി-20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ അഴിമതി തടഞ്ഞ് ദുർച്ചെലവ് ഇല്ലാതെ നല്ല രീതിയിൽ ഭരണം നടത്തിയതുകൊണ്ടാണ് 13 കോടി രൂപ മിച്ചമുണ്ടാക്കിയത്. ഇത് അപരാധമായാണ് പി.ടി. തോമസ് പറയുന്നത്. സർക്കാർ മാസം 3500 കോടിയാണ് കടമെടുക്കുന്നത്.

ഈ സാഹചര്യത്തിൽ ഒരു പഞ്ചായത്ത് ഫണ്ട് മിച്ചം പിടിച്ച് പഞ്ചായത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചത് കുറ്റമാണോയെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. ആദ്യം 73 നിയമ ലംഘനങ്ങൾ കിറ്റെക്സിൽ നടക്കുന്നുവെന്ന് പ്രചരിപ്പിച്ചവർ ഇപ്പോൾ 8 നിയമ ലംഘനം നടക്കുന്നുവെന്നാണ് പറയുന്നത്. ഇതെല്ലാം നിയമത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണ്.

കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പാടം നികത്തിയ സ്ഥലത്താണെന്ന ആരോപണം ശരിയല്ല. 2013-ൽ ഈ സ്ഥലം വാങ്ങുമ്പോൾ മുതൽ അത് പാടമല്ല. ഹൈക്കോടതി ഡിവിഷൻ െബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവിടെ നിർമാണ പ്രവൃത്തികൾ നടന്നിട്ടുള്ളത്.

ട്വന്റി 20-യുടെ രാഷ്ട്രീയ പ്രവേശനമാണ് ഭരണ, പ്രതിപക്ഷ എം.എൽ.എ.മാർ കിറ്റെക്സിനെതിരേ തിരിയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

മലിനീകരണം സംബന്ധിച്ച് പരിശോധന നടത്തിയതിൽ കമ്പനിയുടെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിലെ വെള്ളത്തിൽ യാതൊരു നിറവ്യത്യാസമോ മാലിന്യമോ കാണാൻ സാധിച്ചിട്ടില്ലെന്ന് കൃഷിവകുപ്പ് റിപ്പോർട്ട് നൽകി.