തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റാൽ കുത്തിവെക്കാനുള്ള മറുമരുന്ന് രാജ്യത്ത് ഉത്പാദിപ്പിക്കുന്നില്ല. തായ്‌ലാൻഡിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ആന്റിവെനമാണ് ഇവിടെ ഉപയോഗിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിൽ കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ ഹർഷാദ് മരിച്ചതോടെയാണ് മരുന്നിനെക്കുറിച്ചുള്ള ചർച്ചയും സജീവമായത്.

നേരത്തേ ഹിമാചൽപ്രദേശിലെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ആന്റിവെനം നിർമിച്ചിരുന്നത്. എന്നാൽ, ഇതിന്റെ ഉപയോഗം കുറവായതിനാലും ഉത്പാദച്ചെലവ് കണക്കിലെടുത്തും 1980-90 കാലഘട്ടത്തിൽ ഉത്പാദനം നിർത്തി. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി തുടങ്ങിയ പാമ്പുകൾക്കുള്ള പോളിവാലന്റ് ആന്റിവെനം മാത്രമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്.

തായ്‌ലാൻഡിൽ കാണപ്പെടുന്ന രാജവെമ്പാലകളിൽനിന്ന് നിർമിക്കുന്ന ആന്റിവെനമായതിനാൽ ഇതിന്റെ ഫലപ്രാപ്‌തി ഉറപ്പിച്ചുപറയാൻ കഴിയില്ലെന്ന് സ്നേക്ക് പീഡിയ ടീം അഗം സന്ദീപ് ദാസ് പറഞ്ഞു.

രാജവെമ്പാല ഒരു ഭീകരജീവിയല്ല

: ആവാസവ്യവസ്ഥ ഉൾവനത്തിലായതിനാൽ രാജവെമ്പാല പൊതുവെ ഉപദ്രവകാരികളല്ല. മനുഷ്യസാന്നിധ്യം ഉണ്ടായാൽ അവിടെനിന്ന്‌ മാറിനിൽക്കും. അഥവാ ജനവാസകേന്ദ്രത്തിലെത്തിയാൽ ആളുകൾ ശല്യംചെയ്താലും പത്തിവിടർത്തി പേടിപ്പിക്കുകയല്ലാതെ കടിക്കാറില്ല. ഇന്ത്യയിൽ ഇതുവരെ നാലുപേരാണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. കേരളത്തിലെ ആദ്യമരണമാണ് തിരുവനന്തപുരം മൃഗശാലയിലേത്.

മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ ബിഗ് ഫോർ വിഭാഗത്തിൽപ്പെട്ടവയെ അപേക്ഷിച്ച് രാജവെമ്പാലയുടെ വിഷത്തിന് വീര്യംകുറവാണ്. എന്നാൽ, ഇവയുടെ വിഷസഞ്ചിയിൽ 6-7 മില്ലിലിറ്റർ വരെ വിഷമുണ്ടാകും. കൂടുതൽ വിഷം മനുഷ്യശരീരത്തിലേക്ക് പ്രവേശിപ്പിക്കാൻ ഇവയ്ക്കാവും. മറ്റു പാമ്പുകൾക്ക് ഇതിന്റെ പത്തിലൊന്ന് വിഷം മാത്രമേ സംഭരിച്ചുവെക്കാൻ സാധിക്കൂ.

മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാലാണ് കടിയേറ്റ് നിമിഷങ്ങൾക്കുള്ളിൽ മരിക്കുന്നത്. ഒമ്പത് കിലോഗ്രാം ഭാരവും പരമാവധി അഞ്ചുമീറ്ററുമാണ് ഇവയുടെ നീളം. 16 മുതൽ 18 വയസ്സുവരെയാണ് ജീവിത ദൈർഘ്യം. പ്രധാനമായും മറ്റു പാമ്പുകളാണ് ഇവയുടെ ഭക്ഷണം.