തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സജിത്കുമാര്‍ 27 വര്‍ഷം അബുദാബിയിലെ അല്‍മന്‍സൂരി ഹെല്‍ത്ത് പ്രൊഡക്ട് എന്ന സ്ഥാപനത്തില്‍ ജനറല്‍ മാനേജരായിരുന്നു. അനുഭവം, സമ്പാദ്യം, അറിവ് എന്നിവയെല്ലാം നിക്ഷേപമാക്കി അദ്ദേഹം കേരളത്തില്‍ കിന്‍ഫ്ര നല്‍കിയ ഭൂമിയില്‍ സംരംഭം തുടങ്ങി. 90 വര്‍ഷത്തിന് പാട്ടത്തിനുനല്‍കിയ ഭൂമി പൊടുന്നനെ തിരിച്ചെടുത്ത് കിന്‍ഫ്ര ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയിരിക്കുകയാണ്. കേരളം വ്യവസായസൗഹൃദമാകാന്‍ സര്‍ക്കാര്‍ വാരിക്കോരി പ്രഖ്യാപനങ്ങള്‍ നടത്തുന്ന ഘട്ടത്തിലാണ് ഒരു പ്രവാസി, തന്റെ സംരംഭത്തിന്റെ അന്ത്യകൂദാശ നടത്തരുതെന്ന അപേക്ഷയുമായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്.

ഞാവല്‍പ്പഴം, കുന്തിരിക്കം, കോവക്ക, പൊന്‍കൊരണ്ടി, അത്തിപ്പഴം എന്നിവയുടെ സത്തെടുത്ത് ആയുര്‍വേദ മരുന്ന് നിര്‍മിക്കുന്നതായിരുന്നു സംരംഭം. യു.എസിലെ ഓള്‍ അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഇതിന് സാങ്കേതികസഹായം നല്‍കിയത്. യൂണിറ്റ് തമിഴ്നാട്ടില്‍ തുടങ്ങാനായിരുന്നു പദ്ധതി. സംരംഭത്തിന്റെ സാധ്യത ബോധ്യപ്പെട്ട കിന്‍ഫ്ര 2009-ല്‍ കഴക്കൂട്ടം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ അരയേക്കര്‍ സ്ഥലം നല്‍കി. അങ്ങനെ എവര്‍ഗ്രീന്‍ ഹെര്‍ബല്‍ ഇന്‍ഡസ്ട്രി പിറന്നു. പിന്നീട് ഇ.ജി. ഹെര്‍ബല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയായിമാറി.

ഞാവല്‍പ്പഴത്തിന്റെ സത്തില്‍നിന്ന് പ്രമേഹത്തിനുള്ള മരുന്നുനിര്‍മാണം തുടങ്ങി. യു.എ.ഇ.യിലെ അല്‍മന്‍സൂരി ഹെല്‍ത്ത് പ്രൊഡക്ട് എന്ന സ്ഥാപനമായിരുന്നു വിപണനം. 1.35 ലക്ഷം ഡോളറിന്റെ കച്ചവടം നടന്നതിന്റെ ബാങ്ക് രേഖകള്‍ സജിത്ത് കിന്‍ഫ്രയ്ക്കു നല്‍കി. മാന്ദ്യം വന്നതോടെ അല്‍മന്‍സൂരി ഹെല്‍ത്ത് പ്രൊഡക്ടിന് സാമ്പത്തികസഹായം നല്‍കിയിരുന്ന അബുദാബി സര്‍ക്കാര്‍ അത് നിര്‍ത്തി. ഇതോടെ 2018-ല്‍ സജിത്തിന്റെ വിപണനസംവിധാനം തകര്‍ന്നു. പത്തരലക്ഷം ദിര്‍ഹം ഇതിനകം അബുദാബിയില്‍ മാത്രം ബിസിനസിനായി നിക്ഷേപിച്ചിരുന്നു. ഒരുകോടിയോളം കിന്‍ഫ്രയിലും.

അബുദാബിയില്‍ പുതിയ ബിസിനസ് പങ്കാളിയെ കണ്ടെത്തി വീണ്ടും ഉത്പാദനം തുടങ്ങാനിരിക്കെയാണ് കോവിഡും ലോക്ഡൗണും വരുന്നത്. 2020 ജനുവരിയിലാണ് ഭൂമി തിരിച്ചെടുക്കുകയാണെന്ന കിന്‍ഫ്രയുടെ കത്തുകിട്ടുന്നത്. ഇതിനെതിരേ യു.എ.ഇ.യിലെ ഇന്ത്യന്‍ എംബസിമുഖേന അദ്ദേഹം കിന്‍ഫ്രയ്ക്കും മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോര്‍ട്ടലിലും കത്തുനല്‍കി. വ്യവസായികളുടെ പ്രശ്‌നം കേള്‍ക്കാന്‍ മന്ത്രി പി. രാജീവ് നേരിട്ട് അദാലത്ത് നടത്തിയപ്പോള്‍ ജൂലായ് 14-ന് അതിലും സജിത് പങ്കെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ അനുകൂലനടപടിയുണ്ടാകുമെന്ന് ഉറപ്പുകിട്ടി. പക്ഷേ, ഒരുമാസം കഴിഞ്ഞപ്പോള്‍ കിട്ടിയത്, കിന്‍ഫ്രയുടെ പടിയിറക്കല്‍ കത്താണ്.

കിന്‍ഫ്രയ്ക്കു പറയാനുള്ളത്

  • ഉത്പന്നം കയറ്റുമതിചെയ്തത്, വില്‍പ്പന ബില്ലുകള്‍, ഉത്പാദനം തുടങ്ങിയതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിങ്ങനെ സജിത്കുമാര്‍ നല്‍കിയ രേഖകള്‍ക്ക് വ്യക്തതയില്ല.
  • 2009-ല്‍ ഭൂമി നല്‍കിയിട്ടും അവിടെ സംരംഭം തുടങ്ങാന്‍ ആയിട്ടില്ല. തുടങ്ങിയെന്ന വാദം വിശ്വസനീയമല്ല.
  • മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതികിട്ടിയത് 2016-ലാണ്. അതിനാല്‍ 2014 മുതല്‍ ഉത്പന്നം കയറ്റുമതി നടത്തിയതിന്റെ ബില്‍ അംഗീകരിക്കാനാകില്ല.
  • കിന്‍ഫ്ര നല്‍കിയ കത്തിന് മറുപടി നല്‍കിയില്ല. ലോക്ഡൗണ്‍ തുടങ്ങിയത് 2020 മാര്‍ച്ച് 23-നാണ്. ഭൂമി തിരിച്ചെടുത്തത് 2020 ജനുവരി ഒന്നിനാണ്.