തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യവികസനനിധി (കിഫ്ബി)യും കൺസൾട്ടൻസി രംഗത്തേക്ക്‌. സ്വന്തം കൺസൾട്ടൻസി സർവീസ് തുടങ്ങാൻ കിഫ്ബിക്ക്‌ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പദ്ധതികൾക്ക് കൺസൾട്ടന്റ് ആകാനുള്ള തയ്യാറെടുപ്പിലാണ് കിഫ്ബി.

കൺസൾട്ടൻറുമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾക്ക് കിഫ്ബി വായ്പനൽകുന്നത്. അതിനാൽ സ്വന്തം പദ്ധതികളുടെ കൺസൾട്ടൻസി ഏറ്റെടുക്കാനാകില്ല. കേരളത്തിനകത്ത് കിഫ്ബിയുടേതല്ലാത്ത പദ്ധതികളുടെയും കേരളത്തിനുപുറത്ത് എല്ലാതരം അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെയും കൺസൾട്ടൻസി ഏറ്റെടുക്കും.

കേരളത്തിനകത്ത് ലാഭേച്ഛയില്ലാതെ യഥാർഥ ചെലവുമാത്രം ഈടാക്കിയായിരിക്കും സേവനമെന്ന് കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം പറഞ്ഞു. കേരളത്തിന് പുറത്തുള്ള പദ്ധതികൾ വാണിജ്യാടിസ്ഥാനത്തിലാവും ഏറ്റെടുക്കുക. കിഫ്ബിയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയും വരുമാനം നേടുകയുമാണ് ലക്ഷ്യം.

അടൽ ടണൽ നിർമാണത്തിന് നേതൃത്വം നൽകിയ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ.പി. പുരുഷോത്തമൻ കിഫ്ബിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായി ഈയാഴ്ച ചുമതലയേൽക്കും. കിഫ്ബിയിൽ ഇന്റേൺഷിപ്പിന് അപേക്ഷിച്ചവരിൽ ഏഴുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെയെല്ലാം സേവനം പ്രയോജനപ്പെടുത്തും. അടിസ്ഥാനസൗകര്യവികസനരംഗത്ത് കിഫ്ബി ഇതുവരെ നേടിയ വൈദഗ്ധ്യം അന്താരാഷ്ട്ര നിലവാരത്തിൽ മെച്ചപ്പെടുത്താൻ കൺസൾട്ടൻസി സർവീസ് രംഗത്തേക്ക്‌ കടക്കുന്നത് ഉപകരിക്കുമെന്ന്‌ കെ.എം. എബ്രഹാം പറഞ്ഞു.

ആർ.ഇ.സി.യിൽനിന്ന് 2268 കോടി വായ്പ

നവരത്ന പൊതുമേഖലാ സ്ഥാപനമായ റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (ആർ.ഇ.സി.) കിഫ്ബിക്ക്‌ 2268 കോടി രൂപയുടെ വായ്പനൽകും. വൈദ്യുതവിതരണ-പ്രസരണ രംഗത്ത് കിഫ്ബി ഏറ്റെടുത്ത പദ്ധതികൾക്ക് ഈ പണം ചെലവഴിക്കും. ഏഴുവർഷമാണ് വായ്പയുടെ കാലാവധി. തിരിച്ചടവിന് രണ്ടുവർഷം സാവകാശമുണ്ട്. വായ്പയെടുക്കാൻ സർക്കാർ അനുമതിനൽകി. സർക്കാരിന്റെ ഗ്യാരന്റിയും അനുവദിച്ചു. എട്ടുശതമാനത്തിൽ താഴെയായിരിക്കും പലിശ.