തിരുവനന്തപുരം: സി.എ.ജി. റിപ്പോർട്ടിലെ വിവരങ്ങൾ സി.എ.ജി. തന്നെ മാധ്യമങ്ങൾക്കു ചോർത്തിയപ്പോൾ താൻ അതിനെ പ്രതിരോധിക്കുകയായിരുന്നുവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കിഫ്ബിക്കെതിരായ ഓഡിറ്റ് റിപ്പോർട്ട് വിവരങ്ങൾ സഭയിൽ വെക്കുംമുമ്പ് വെളിപ്പെടുത്തിയത് അവകാശലംഘനമല്ലെന്നും അദ്ദേഹം നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ വിശദീകരിച്ചു.

എത്തിക്സ് കമ്മിറ്റി എന്തു നടപടിയെടുത്താലും സ്വീകരിക്കുമെന്ന് മന്ത്രി പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ഒന്നര മണിക്കൂറോളമാണ് അദ്ദേഹം കമ്മിറ്റിക്കു മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി.

കിഫ്ബിക്കെതിരായ സി.എ.ജി. റിപ്പോർട്ട് വിവരങ്ങൾ പുറത്തുപറഞ്ഞത് അവകാശ ലംഘനമല്ലെന്നു സ്ഥാപിക്കാനുള്ള വിശദീകരണമാണ് ധനമന്ത്രി നടത്തിയത്. സർക്കാരുമായി ചർച്ചചെയ്യാതെ ഓഡിറ്റ് റിപ്പോർട്ടിൽ നാലുപേജ് കൂട്ടിച്ചേർത്തത് സി.എ.ജി.യുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതാണ് കിഫ്ബിക്കെതിരായ സി.എ.ജി. റിപ്പോർട്ട്. ഇത്തരത്തിൽ പ്രവർത്തിച്ചശേഷം മറുവശത്തുകൂടി റിപ്പോർട്ടിലെ ഉള്ളടക്കം മാധ്യമങ്ങൾക്കു ചോർത്തി നൽകിയപ്പോൾ താൻ പ്രതിരോധിക്കുകയായിരുന്നു. രാഷ്ട്രീയ സാഹചര്യം ജനങ്ങൾ ചർച്ചചെയ്യാൻ വേണ്ടിത്തന്നെയാണ് റിപ്പോർട്ടിലെ ഭാഗങ്ങൾ പുറത്തുപറഞ്ഞതെന്നും തോമസ് ഐസക് വ്യക്തമാക്കി. റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുപറഞ്ഞത് അവകാശലംഘനവും ചട്ടലംഘനവുമല്ല. റിപ്പോർട്ടിനെപ്പറ്റി പറഞ്ഞ കാര്യങ്ങളിലൊന്നും മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിക്കെതിരായ സി.എ.ജി. റിപ്പോർട്ട് ധനമന്ത്രി പരസ്യമാക്കിയെന്ന് ആരോപിച്ചാണ് വി.ഡി.സതീശൻ എം.എൽ.എ. അവകാശലംഘനത്തിന് സ്പീക്കർക്ക് പരാതിനൽകിയത്. സ്പീക്കർ ഇത് എത്തിക്‌സ് കമ്മിറ്റിക്കു വിട്ടു. സതീശന്റെ ഭാഗം എത്തിക്സ് കമ്മിറ്റി നേരത്തേ കേട്ടിരുന്നു. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽത്തന്നെ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. ആ സമ്മേളനകാലത്തുതന്നെ നടപടിയുമുണ്ടാകും.

എ.പ്രദീപ്കുമാർ അധ്യക്ഷനായ കമ്മിറ്റിയിൽ എൽ.ഡി.എഫിലെ അഞ്ച് അംഗങ്ങളും യു.ഡി.എഫിലെ മൂന്ന് അംഗങ്ങളുമാണുള്ളത്.