തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ വികസന നിധിക്കെതിരേ (കിഫ്ബി) സി.എ.ജി. പരാമർശങ്ങൾ ആവർത്തിച്ചതിൽ സർക്കാരിന് പ്രതിഷേധം. മുമ്പ് ചെയ്തപോലെ ഈ പരാമർശങ്ങൾ തള്ളിക്കളയാനാണ് സർക്കാർ നീക്കം. ഒരിക്കൽ നിയമസഭ തള്ളിയ പരാമർശങ്ങൾ വീണ്ടും സി.എ.ജി. ഉൾപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശമാണെന്നും അതിനാൽ തള്ളുകയല്ലാതെ മറ്റ് വഴിയില്ലെന്നുമാണ് സർക്കാർ വിലയിരുത്തൽ. സി.എ.ജിക്ക് സർക്കാർ മറുപടിയും നൽകും.

2019-20ലെ ധനസ്ഥിതിയെപ്പറ്റിയുള്ള റിപ്പോർട്ടിലാണ് കിഫ്ബി വായ്പകളെ സംബന്ധിച്ച സർക്കാരിന്റെ വാദങ്ങളെ സി.എ.ജി. വീണ്ടും തള്ളിയത്. 2018-19ലെ റിപ്പോർട്ടിൽ ഇതേ പരാമർശങ്ങൾ ഉണ്ടായിരുന്നത് വിവാദമായതോടെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് തള്ളിയിരുന്നു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു അത്. സി.എ.ജി. റിപ്പോർട്ട് പരിഗണിക്കുന്ന നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് റിപ്പോർട്ട് വിടുന്നതിന് മുമ്പായിരുന്നു നീക്കം ചെയ്യൽ. ഇത്തവണ, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു വിട്ട് ചർച്ചകൾക്കുശേഷം സി.എ.ജി. നിരീക്ഷണങ്ങളിൽ തുടർനടപടി വേണ്ടെന്നുവെക്കാനാണ് ആലോചന. കമ്മിറ്റിയിൽ സർക്കാരിന് ഭൂരിപക്ഷമുള്ളതിനാൽ അത് സാധിക്കും.

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ പ്രതിപക്ഷത്തെ സണ്ണി ജോസഫ് ആണ്. എന്നാൽ പത്തംഗ കമ്മിറ്റിയിൽ മൂന്നുപേർ മാത്രമാണ് പ്രതിപക്ഷത്തുനിന്നുള്ളത്. ഭൂരിപക്ഷ തീരുമാനമാണ് കമ്മിറ്റി അംഗീകരിക്കുക. അധ്യക്ഷന് പ്രത്യേക അധികാരങ്ങളില്ല. പരാമർശങ്ങളെ സംബന്ധിച്ച് സർക്കാരിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും കിഫ്ബിയുടെയും വിശദീകരണങ്ങൾ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കേൾക്കണം.

മുൻഗണന അനുസരിച്ചാണ് കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കുക. മുൻവർഷങ്ങളിലെ റിപ്പോർട്ടുകൾ ഇനിയും പരിഗണിക്കാനുണ്ട്. അതിനാൽ അടുത്തകാലത്തൊന്നും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുന്ന സാഹചര്യമില്ല. സി.എ.ജി. പരാർമർശം മൂലമുള്ള പ്രതിസന്ധി നേരത്തേ പരിഹരിക്കണമെങ്കിൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക്‌ വിടാതെ നേരിട്ട് നിയമസഭ പരിഗണിക്കേണ്ടിവരും.

നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി പ്രവർത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഇതേ മാതൃകയിൽ കടമെടുക്കുന്ന സ്ഥാപനങ്ങളുണ്ടെന്നും സർക്കാർ വാദിക്കുന്നു.

സി.എ.ജി. നിലപാട് അസാധാരണം -ധനമന്ത്രി

കിഫ്ബിക്കെതിരായ സി.എ.ജി. പരാമർശം അസാധാരണ നടപടിയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സി.എ.ജി. നിലപാടിൽ രാഷ്ട്രീയമുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ല. ഒരിക്കൽ തള്ളിയ കാര്യംതന്നെ വീണ്ടും റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നത് എന്തിനാണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളുടേത് ഉൾപ്പടെയുള്ള കടമെല്ലാം സർക്കാർ കടമായി ഉൾപ്പെടുത്തണമെന്ന വാദം അംഗീകരിക്കാനാവില്ല. കിഫ്ബിയിൽ എ.ജി.യുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചത് നിയമസഭ പാസാക്കിയ നിയമപ്രകാരമാണെന്നും മന്ത്രി പറഞ്ഞു.