തെന്മല : ഉറുകുന്നിൽ മൂന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശിനി ഷണമുഖത്തായി ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ്‌ സംഭവം. ഉറുകുന്ന് ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ കുരിശടിക്കുസമീപം താമസിക്കുന്ന ദമ്പതിമാരുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. റോഡിനോടുചേർന്നുള്ള വീടിനരികിൽ നിൽക്കുകയായിരുന്ന കുഞ്ഞിന്റെ െെകയിൽ യുവതി പിടിച്ചു. കൈതട്ടിമാറ്റി കുട്ടി വീടിന്റെ ഭാഗത്തേക്ക് ഓടിപ്പോയി. സമീപത്ത് കടയിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ മുത്തച്ഛൻ ഉൾപ്പെടെയുള്ളവർ ഇതു കണ്ടു. ചോദ്യംചെയ്തപ്പോൾ യുവതി പരസ്പരവിരുദ്ധമായി സംസാരിച്ച് റോഡിലൂടെ വേഗം നടന്നുപോയി. നാട്ടുകാർ യുവതിയെ പിന്തുടർന്നു.

ഈസമയത്തുതന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി സമീപവാസികൾ സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിപ്പിച്ചു. ഇതുകണ്ട ഉറുകുന്ന് നിവാസികൾ യുവതിയെ തടഞ്ഞുനിർത്തി. കൊല്ലത്ത് ആശുപത്രിയിൽ പോകാൻ വന്നതാണെന്നും തമിഴനാടാണ് സ്ഥലമെന്നും വഴിതെറ്റിയതാണെന്നുമാണ് യുവതി ഇവരോട് പറഞ്ഞത്. പിന്തുടർന്നു വന്നവർ യുവതിയെ തിരിച്ചറിഞ്ഞു. തെന്മല പോലീസിലും എസ്.പി. ഓഫിസിലും വിവരമറിയിച്ചു.

പോലീസിന്റെ പരിശോധനയിൽ 65,000 രൂപയും സ്വർണമാലകളും കണ്ടെടുത്തിട്ടുണ്ട്. വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ കൂടുതൽ ചോദ്യംചെയ്തുവരികയാണെന്ന് തെന്മല എസ്.ഐ. പ്രവീൺ പറഞ്ഞു.