ആലപ്പുഴ: ഉന്നതരുൾപ്പെടെ വായ്പയെടുത്തു മുങ്ങിയതോടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്(കെ.എഫ്.സി.) തിരിച്ചുകിട്ടാനുള്ളത് 5696 കോടി രൂപ. ഇതിൽ 778 കോടി മുതലും 4918 കോടി പലിശയുമാണ്.
കോർപ്പറേഷന്റെ അർധവാർഷിക കണക്കെടുത്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ബാർ-റിസോർട്ടുടമകൾ, വ്യവസായികൾ, സിനിമാ നിർമാതാക്കൾ എന്നിവർ ഇതിലുൾപ്പെടുന്നു. 19 സിനിമകൾക്കു പണം നൽകിയതിൽ പതിനേഴും തിരിച്ചടച്ചിട്ടില്ല. സൂപ്പർഹിറ്റായ സിനിമകളുടെ നിർമാതാക്കളുമുണ്ട് കൂട്ടത്തിൽ.
6630 വായ്പാ അക്കൗണ്ടുകളാണ് കെ.എഫ്.സി.ക്കുള്ളത്. ഇതിൽ 4410 എണ്ണം കൃത്യമായി തുക തിരിച്ചടയ്ക്കുന്നുണ്ട്. ഇതിന്റെ ആകെ മുതൽ 3858 കോടിയാണ്. അഞ്ചുകോടിയിലധികം അടയ്ക്കാനുള്ളത് 200-ലധികം പേരും ഇതിൽ താഴെയുള്ളത് രണ്ടായിരത്തോളം പേരുമാണ്. 1500 കോടിയാണ് കെ.എഫ്.സി.യുടെ ഒരുവർഷത്തെ വരുമാനം. ഇതിന്റെ നാലിരട്ടിയാണ് കിട്ടാക്കടം.
ഇതിന് അഞ്ചു കാരണങ്ങളാണുള്ളതെന്ന് കെ.എഫ്.സി. സി.എം.ഡി. ടോമിൻ ജെ. തച്ചങ്കരി സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
1. ബാഹ്യ ഇടപെടലിനെത്തുടർന്ന് ഒരുകൂട്ടം മുൻ ഉദ്യോഗസ്ഥർ നടത്തിയ ക്രമരഹിത വായ്പാ വിതരണം. 2. വായ്പ നൽകിയശേഷം കൃത്യമായി നിരീക്ഷിക്കാതിരുന്നത്. 3. മറ്റു ബാങ്കുകളിൽനിന്നുള്ള കിട്ടാക്കടങ്ങൾ വേണ്ടത്ര പരിശോധനയില്ലാതെ ഏറ്റെടുത്തത്. 4. സർക്കാർ സ്ഥാപനമായതിനാൽ പണം തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന ചിലരുടെ തോന്നൽ. 5. ഒറ്റത്തവണ തീർപ്പാക്കൽ, വായ്പ ക്രമപ്പെടുത്തൽ എന്നിവ വായ്പ തിരിച്ചടയ്ക്കാനുള്ള എളുപ്പവഴിയാണെന്നു കണ്ടെത്തി ഈ സൗകര്യം ദുരുപയോഗം ചെയ്യൽ.
കിട്ടാക്കടം നാലുശതമാനത്തിൽ താഴെയാക്കിയാൽ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ബാങ്കുകളെപ്പോലെ നേരിട്ട് നിക്ഷേപം സ്വീകരിക്കാൻ സാധിക്കുമെന്നും ഇതുവഴി കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാൻ കഴിയുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കടം തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയതായി തച്ചങ്കരി ‘മാതൃഭൂമി’യോടു പറഞ്ഞു.
പ്രധാന തീരുമാനങ്ങൾ:
* റിക്കവറി മാർഗങ്ങളിലൂടെ കിട്ടാക്കടങ്ങൾ വിൽക്കും.
* കോർപ്പറേഷൻ ഏറ്റെടുത്തിട്ടുള്ള യൂണിറ്റുകളുടെ ആസ്തികളുടെ വിൽപ്പനയ്ക്ക് അടിസ്ഥാനവില നിശ്ചയിക്കുന്നത് ഫെയർ വാല്യൂവിന്റെ നിശ്ചിത മടങ്ങാക്കും. ഇതുവഴി വിൽപ്പനയ്ക്ക് കൂടുതൽ പേരെ ആകർഷിക്കാമെന്നു പ്രതീക്ഷ.
* വ്യക്തികളുടെ കടബാധ്യത സിബിൽ സ്കോറിൽ പ്രത്യക്ഷമാകാൻ നടപടി. ഇതോടെ കോർപ്പറേഷന്റെ കടബാധ്യത തീർക്കാതെ മറ്റു ബാങ്കുകളിൽനിന്ന് ഇവർക്ക് വായ്പ കിട്ടില്ല.
* കുടിശ്ശിക വരുത്തിയവരെ റിസർവ് ബാങ്കിന്റെ വിൽഫുൽ ഡിഫോൾട്ടർ(മനപ്പൂർവം തിരിച്ചടയ്ക്കാത്തവർ) പട്ടികയിൽപ്പെടുത്തി ക്രിമിനൽ നടപടി സ്വീകരിക്കും.
ആരെയും ഇറക്കിവിടില്ല
റിക്കവറി നടപടികൾ ശക്തിപ്പെടുത്തുമ്പോഴും താമസസ്ഥലങ്ങളിൽനിന്ന് ആരെയും ഇറക്കിവിടില്ലെന്ന് തച്ചങ്കരി പറഞ്ഞു. പത്തുവർഷത്തിനിടെ കോർപ്പറേഷൻ ഏറ്റെടുത്ത 60 വസ്തുക്കളിൽ ഒരെണ്ണംപോലും ലേലം ചെയ്തിട്ടില്ല. ഇതുൾപ്പെടെ ലേലം ചെയ്താൽത്തന്നെ 1500 കോടി ലഭിക്കും.
വിരമിച്ചവർക്കും ബാധ്യത
കെ.എഫ്.സി.യിൽനിന്ന് ഉദ്യോഗസ്ഥർ വിരമിച്ചാലും അഞ്ചുവർഷംകൂടി ഇവരുടെ സർവീസ് കാലത്തെ നടപടകളിൽ ഉത്തരവാദിത്വമുണ്ടാകുന്ന രീതിയിൽ നിയമഭേദഗതി വരുത്തിയിട്ടുണ്ട്. വഴിവിട്ട വായ്പ നടത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുമെന്നും തച്ചങ്കരി അറിയിച്ചു.