കോട്ടയം: വോട്ടർപട്ടികയിലെ വിവരങ്ങൾ കൃത്യമാണെന്നു പരിശോധിക്കാനും തിരുത്താനും അവസരം നൽകുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ടേഴ്സ് വെരിഫിക്കേഷൻ പ്രോഗ്രാമിനോട് മലയാളികൾക്ക് വിമുഖത. സംസ്ഥാനത്ത് 14 ശതമാനംപേർ മാത്രമാണ് ഇതിന് തയ്യാറായത്.

രാജ്യത്ത് ഗോവമാത്രമാണ് ഇക്കാര്യത്തിൽ 100 ശതമാനം പൂർണത കൈവരിച്ചത്. കേരളത്തിൽ കൊല്ലം ജില്ലയാണ് മുന്നിൽ. വോട്ടർ പട്ടികയിലെ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്താൻ ഇത് മൂന്നാംതവണയാണ് അവസരം ഒരുക്കുന്നത്.

പഴയ ബ്ലാക്ക് ആൻഡ്‌ വൈറ്റ് തിരിച്ചറിയൽ കാർഡ് മാറ്റി കളറാക്കാനും അവസരമുണ്ട്. കളർ തിരിച്ചറിയൽ കാർഡിന് www.nvsp.in-ൽ ഫോറം എട്ട് നൽകി കളർ ഫോട്ടോയും രേഖകളും ഓൺലൈൻ വഴി സമർപ്പിക്കാം.

പേരുചേർക്കാം

സ്പെഷ്യൽ സമ്മറി റിവിഷൻ 2020-ന്റെ ഭാഗമായി 2002 ജനുവരി ഒന്നിനോ അതിനുമുമ്പോ ജനിച്ചവർക്ക് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഈ മാസം 30 വരെ അവസരമുണ്ട്. www.nvsp.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായാകുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

ചെയ്യേണ്ട വിധം

www.nvsp.in എന്ന വെബ്സൈറ്റോ Voter Helpline എന്ന മൊബൈൽ ആപ്പോ ഉപയോഗിക്കാം.

ഇലക്ടേഴ്സ് വെരിഫിക്കേഷൻ പ്രോഗ്രാം എന്ന ഭാഗത്ത് ക്ളിക് ചെയ്യുക.

യൂസർ അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ മൊബൈൽ നന്പർ നൽകുക. ഇതിൽ ലഭിക്കുന്ന ഒ.ടി.പി. ടൈപ്പ് ചെയ്യുക. ശേഷം തിരിച്ചറിയിൽ കാർഡ് നന്പർ, പേര്, ഇ-മെയിൽ വിലാസം, പാസ്‌വേഡ് എന്നിവ നൽകുക.

വോട്ടറുടെ വിവരങ്ങൾ പേജിൽ തെളിഞ്ഞുവരും. ഇതിൽ തെറ്റുണ്ടെങ്കിൽ തിരുത്താം.

ഫോട്ടോ എഡിറ്റ് ചെയ്യാൻ കഴിയുന്ന ഭാഗത്ത് ക്ളിക് ചെയ്ത് ഫോട്ടോ മാറ്റം.

ടോൾ ഫ്രീനമ്പർ 1950

താലൂക്ക്, കളക്ടറേറ്റ് എന്നിവിടങ്ങളിലെ വോട്ടർ സഹായ കേന്ദ്രം, അക്ഷയ കേന്ദ്രം, എന്നിവ വഴിയും തിരുത്തലുകൾ നടത്താം. ബൂത്ത്തല ഓഫീസർമാർ വീടുകളിൽ വന്നു പരിശോധന പൂർത്തിയാക്കി പുതിയ തിരിച്ചറിയൽ കാർഡ് വീടുകളിൽ വിതരണം ചെയ്യും. സംശയ നിവാരണത്തിന് ടോൾഫ്രീ നമ്പറായ 1950-ൽ ബന്ധപ്പെടാം.

Content Highlights: keralaites not interested to modify and correct their details in voter list