pk kunhalikutty
പി.കെ.കുഞ്ഞാലിക്കുട്ടി.
Photo: KB Satheesh Kumar/ Mathrubhumi Archives

കാസർകോട്: ഇന്ത്യമുഴുവൻ ജയിച്ചാലും കേരളം ബി.ജെ.പി.ക്ക് മരീചികയായി നിലനിൽക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ഉപതിരഞ്ഞെടുപ്പുഫലം ബി.ജെ.പി.ക്ക് വാട്ടർലൂ ആയിരിക്കും. കഴിഞ്ഞതവണ രണ്ടാംസ്ഥാനത്തെത്തിയ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും കോന്നിയിലും വിജയക്കൊടിപാറിക്കാമെന്നത് അവരുടെ മോഹമായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് പ്രസ് ക്ലബ്ബ്‌ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മഞ്ചേശ്വരത്ത് സ്ഥാനാർഥിപ്രഖ്യാപനത്തിൽ സി.പി.എം.-ലീഗ് ധാരണയുണ്ടാക്കിയെന്ന ആരോപണം സാധാരണ തോൽവിക്കുശേഷമാണ് ബി.ജെ.പി.ക്കാർ ഉന്നയിക്കാറുള്ളത്. ഇക്കുറിയത് നേരത്തേ പറയുന്നുവെന്ന വ്യത്യാസം മാത്രമാണുള്ളത്. ഇടതിനുചെയ്യുന്ന വോട്ടുകൾ വൃഥാവിലാകുമെന്ന യാഥാർഥ്യം അവരുടെ അണികൾ തിരിച്ചറിയുമെന്നാണ് കരുതുന്നത്. വരുന്നത് യു.ഡി.എഫിന്റെ കാലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലായിലുള്ളതുപോലുള്ള പ്രശ്നങ്ങൾ മഞ്ചേശ്വരത്തില്ല. മഞ്ചേശ്വരത്ത് ബി.ജെ.പി.യുമായാണ് യു.ഡി.എഫിന്റെ പ്രധാന പോരാട്ടം. ഡൽഹിയിൽ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എം. ജനറൽ സെക്രട്ടറി പങ്കെടുത്തതിൽ അപാകമില്ല. അവിടെ എൻ.ഡി.എ.ക്കെതിരേ എല്ലാവരും ഒറ്റക്കെട്ടാണ്. അതും കേരളരാഷ്ട്രീയവും കൂട്ടിക്കലർത്തേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ സി.എച്ച്. അനുസ്മരണച്ചടങ്ങിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തതുസംബന്ധിച്ച്‌ ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മഞ്ചേശ്വരം യു.ഡി.എഫ്. സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹിമാൻ, പ്രസ് ക്ലബ്ബ്‌ പ്രസിഡന്റ് ടി.എ.ഷാഫി, സെക്രട്ടറി ഒ.വി.സുരേഷ് എന്നിവർ സംസാരിച്ചു.

content highlights: kerala will remain as a mirage for bjp says pk kunhalikutty