തിരുവനന്തപുരം: കേരളത്തിൽ കോവിഡ് അടക്കമുള്ള രോഗങ്ങൾക്ക് പ്രതിരോധമരുന്ന് നിർമിക്കുന്നതിനും ഗവേഷണങ്ങൾക്കുമുള്ള യൂണിറ്റിന് കടമ്പകൾ ഏറെ. തിരുവനന്തപുരത്തെ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിൻ നിർമാണത്തിന് സൗകര്യമൊരുക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ളത്.

പ്രതിരോധമരുന്നു നിർമാണമേഖലയിലെ വിദഗ്ധരും കമ്പനി പ്രതിനിധികളും അടക്കമുള്ളവരുമായി പ്രാഥമിക ചർച്ചകൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. പദ്ധതി നടത്തിപ്പിനായി എസ്. ചിത്രയെ പ്രോജക്ട് ഡയറക്ടറായും ശാസ്ത്രസാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി. സുധീറിന്റെ അധ്യക്ഷതയിൽ വർക്കിങ് ഗ്രൂപ്പിനെയും നിയോഗിച്ചിരുന്നു. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലുമായി കൈകോർത്ത് തുടങ്ങുന്ന പദ്ധതിക്ക് താത്‌പര്യപത്രം ക്ഷണിക്കലടക്കം നടപടികൾ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. കൈകോർക്കാൻ താത്‌പര്യമറിയിച്ച കമ്പനികളെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ വൈറസ് സുരക്ഷ സംബന്ധിച്ച് നിശ്ചിത ബയോസുരക്ഷാ തലത്തിലുള്ള ലാബുകളുടെ നിർമാണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിനായി എത്രസമയം വേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

മുൻഗണന കോവിഡ് വാക്സിന്

നിർദിഷ്ട യൂണിറ്റിൽ കോവിഡ് പ്രതിരോധ മരുന്ന് ഗവേഷണത്തിനും വികസിപ്പിക്കുന്നതിനുമാകും മുൻഗണന നൽകുകയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

ഡിസംബറിനുള്ളിൽ രാജ്യത്തെ മുഴുവൻപേർക്കും കോവിഡ് പ്രതിരോധ മരുന്ന് നൽകകുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ജനങ്ങൾ കൈവരിക്കുന്ന പ്രതിരോധശേഷി, വൈറസിനുണ്ടാകുന്ന വകഭേദങ്ങൾ തുടങ്ങിയവ സംബന്ധിച്ച് നടക്കുന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകും വാക്സിൻ നിർമാണ കമ്പനികൾ ഈ രംഗത്ത് മുതൽമുടക്കുക.