തിരുവനന്തപുരം: മുൻ എം.പി. പി.കെ. ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയൻ അവരുടെ ഗവേഷണ പ്രബന്ധത്തിൽ മറ്റു പ്രബന്ധങ്ങളിലെ ഡേറ്റ അനധികൃതമായി പകർത്തിയെന്ന പരാതിക്കു പിന്നാലെ കൂടുതൽ പ്രൊഫസർമാർക്കെതിരേയും പരാതി. ഡോ. വിജിയുടെ ഗവേഷണ ഗൈഡ് അടക്കമുള്ള മുതിർന്ന അധ്യാപകർ ഇത്തരത്തിൽ ഡേറ്റ തിരിമറി നടത്തിയതായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും യു.ജി.സി.ക്കും പരാതി നൽകി.

വിജി വിജയന്റെ ഗവേഷണ ഗൈഡും സർവകലാശാലാ സെനറ്റംഗവുമായ അധ്യാപിക, വിജിയെ സർവകലാശാലയിൽ നിയമിക്കുന്നതിനുള്ള സെലക്‌ഷൻ കമ്മിറ്റിയിലെ അംഗമായ ബയോ കെമിസ്ട്രി അധ്യാപിക, വിജി വിജയനോടൊപ്പം കേരള സർവകലാശാലയിൽ നിയമിതനായ അസിസ്റ്റന്റ് പ്രൊഫസർ എന്നിവരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഇത്തരം ഡേറ്റ തട്ടിപ്പുകളുണ്ടെന്ന് കാട്ടിയാണ് പരാതി. തെളിവുകൾ അടക്കമാണ് പരാതി നൽകിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി എം. ഷാജർ ഖാൻ എന്നിവർ അറിയിച്ചു.

കേരള സർവകലാശാല വൈസ് ചാൻസലർക്കും പരാതി നൽകിയിട്ടുണ്ട്. പകർത്തലിനെക്കുറിച്ച് ആരോപണങ്ങളുയർന്നപ്പോൾ പ്രബന്ധങ്ങളിലെ തെറ്റുകൾ മനസ്സിലാക്കാനുള്ള മാർഗമായാണ് പബ് പിയറിനെ താൻ കണ്ടിട്ടുള്ളതെന്ന വാദവുമായി വിജി വിജയൻ മുന്നോട്ടുവന്നിരുന്നു. തന്റേതിൽ മാത്രമല്ല മറ്റു പലരുടെയും പ്രബന്ധങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നുകൂടി ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടപ്പോഴാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി മറ്റ് അധ്യാപകരുടെ പ്രബന്ധങ്ങൾകൂടി പബ് പിയർ വഴി പരിശോധിച്ചത്.

Content Highlights: kerala university plagiarism allegation