തിരുവനന്തപുരം: കേരള സർവകലാശാല മോഡറേഷൻ വിവാദം സോഫ്റ്റ്‌വേർ തകരാറുമൂലമെന്ന് അന്വേഷണ സമിതി റിപ്പോർട്ട്. വെളളിയാഴ്ച നടന്ന സിൻഡിക്കേറ്റ് യോഗം റിപ്പോർട്ട് അംഗീകരിച്ചു. 727 വിദ്യാർഥികളുടെ ഫലത്തിലാണ് അപാകം കണ്ടെത്തിയത്. ഇതിൽ 390 വിദ്യാർഥികൾ മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്തു. ഈ മാർക്ക് ലിസ്റ്റുകൾ റദ്ദാക്കാൻ തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല കംപ്യൂട്ടർ സെന്റർ ഡയറക്ടർ വിനോദ് ചന്ദ്രയെ സസ്‌പെൻഡ് ചെയ്തു. ബോധപൂർവമായ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും സർവകലാശാല അറിയിച്ചു.

2016 മാർച്ചിലാണ് മോഡറേഷൻ സോഫ്റ്റ്‌വേറിൽ ഉൾപ്പെടുത്തിയത്. ഇതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയർന്നതോടെ പ്രോ-വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണവും ഡോക്ടർ ഗോപ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി അന്വേഷണവും നടന്നു. മോഡറേഷൻ അപ്‌ഡേറ്റ് ചെയ്യാനുള്ള സോഫ്റ്റ്‌വേർ പ്രോഗ്രാം കോഡിലെ അപാകമാണ് സംഭവത്തിനു കാരണമെന്നാണ് രണ്ട് റിപ്പോർട്ടിലെയും കണ്ടെത്തൽ. സർവകലാശാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ 12 പരീക്ഷകളുടെ മോഡറേഷൻ അപ്‌ലോഡ് ചെയ്തപ്പോഴാണ് അപാകമുണ്ടായത്. 11 പരീക്ഷകളിൽ മാർക്ക് കൂടുകയും ഒരെണ്ണത്തിൽ കുറയുകയുമായിരുന്നു. ഇത് 727 വിദ്യാർഥികളുടെ ഫലത്തിൽ വ്യത്യാസമുണ്ടാക്കി.

ഇതുവരെയുള്ള അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാർ ബോധപൂർവം കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടില്ലെങ്കിലും പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം തുടരാനാണ് തീരുമാനം.

സോഫ്റ്റ്‌വേർ അപാകം പരിഹരിക്കാൻ പലഘട്ടങ്ങളിൽ കംപ്യൂട്ടർ സെന്റർ ഡയറക്ടറോട് നിർദേശിച്ചിരുന്നു. എന്നാൽ, പാസ്‌വേർഡ് നിയന്ത്രണത്തിൽ ഗുരുതര വീഴ്ചസംഭവിച്ചു.

വിദ്യാർഥികളുടെ ഫീസ് ജനസേവന കേന്ദ്രം വഴി അടക്കുമ്പോൾ പണം ലഭ്യമായി എന്ന് ഉറപ്പാക്കാൻ സോഫ്റ്റ്‌വേറിൽ ക്രമീകരണം ഉണ്ടായില്ല. പൊതുസമൂഹത്തിൽ സംശയങ്ങൾ നിലനിൽക്കുമ്പോൾ ഞായറാഴ്ച കംപ്യൂട്ടർ സെന്റർ തുറന്ന് പ്രവർത്തിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും കണ്ടെത്തി. ഇക്കാരണങ്ങളാലാണ് കംപ്യൂട്ടർ സെന്റർ ഡയറക്ടറെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറും

ആരോപണങ്ങളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടരാനും വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം ഏകോപിപ്പിക്കാനുള്ള നോഡൽ ഓഫീസറായി സർവകലാശാല രജിസ്ട്രാർ പ്രവർത്തിക്കും.

കംപ്യൂട്ടർ വിഭാഗം ശക്തമാക്കാൻ സീനിയർ പ്രോഗ്രാം ഓഫീസറുടെ സേവനം വിട്ടുനൽകാൻ സർക്കാരിനോട് അഭ്യർഥിക്കും. സോഫ്റ്റ്‌വേർ നവീകരണത്തിന് ബയോമെട്രിക് സംവിധാനത്തോടെ വിവിധതല സുരക്ഷാസംവിധാനം നടപ്പാക്കും. പാസ്‌വേഡ് കൃത്യതയില്ലാതെ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരോട് വിശദീകരണം തേടും. മൂന്നുമാസം കൂടുമ്പോൾ പാസ്‌വേഡ് മാറ്റാനും തീരുമാനിച്ചു.

അതേസമയം, ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തി സിറ്റി പോലിസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം. തുടരന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം.

Content Highlights: kerala university moderation controversy; 390 students marklists will be revoke