തിരുവനന്തപുരം: കേരള സർവകലാശാലാ മോഡറേഷൻ മാർക്ക് തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി. എം.എസ്. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൈബർ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണമാരംഭിച്ചത്.

പ്രാഥമികാന്വേഷണത്തിനു ശേഷമേ കേസെടുക്കുന്നതിനെക്കുറിച്ചു തീരുമാനിക്കൂ. ചൊവ്വാഴ്ച വൈകീട്ടോടെ സർവകലാശാലാ ആസ്ഥാനത്തെത്തിയ ക്രൈംബ്രാഞ്ച് സംഘം രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. 2016 മുതലുള്ള കംപ്യൂട്ടർ വിവരങ്ങൾ സൈബർ ഫൊറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചു. ഒരാഴ്ചയ്ക്കകം പ്രാഥമികാന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം.

മാർക്ക് തട്ടിപ്പ് വിവാദമായതിനു പിന്നാലെ രജിസ്ട്രാർ ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് പോലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. അദ്ദേഹം ഇത് സിറ്റി പോലീസ് കമ്മിഷണർക്കു കൈമാറി. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

സർവകലാശാല സീൽ ചെയ്തിരുന്ന ഇ.എസ്. സെക്‌ഷനിലെ ടാബുലേഷൻ സോഫ്റ്റ്‌വേറിലെ മുഴുവൻ ഡേറ്റയും ക്രൈംബ്രാഞ്ചും സൈബർ സെല്ലും പരിശോധിച്ചു. മോഡറേഷൻ മാർക്ക് രേഖപ്പെടുത്തുമ്പോൾ സോഫ്റ്റ്‌വേറിൽ നേരത്തേയും തകരാറുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിട്ടുണ്ട്.

വിജയിച്ച നാല് ബി.ടെക് വിദ്യാർഥികൾ തോറ്റതായാണ് സോഫ്റ്റ്‌വേറിൽ രേഖപ്പെടുത്തിയിരുന്നത്. ഒരു എൽ.എൽ.ബി. വിദ്യാർഥിക്കും ഇതേ അവസ്ഥയുണ്ടായി. സോഫ്റ്റ്‌വേറിൽ ഗുരുതര പിഴവുണ്ടായെന്നാണ് സർവകലാശാല നിയോഗിച്ച പുറമേനിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘവും കണ്ടെത്തിയത്.

ഇ.എസ്. സെക്‌ഷനിലെ ഡെപ്യൂട്ടി രജിസ്ട്രാർക്കു മാത്രമാണ് മോഡറേഷൻ മാർക്ക് രേഖപ്പെടുത്താനുള്ള സോഫ്റ്റ്‌വേറിന്റെ പാസ്‌വേഡ് നൽകിയിരുന്നത്. ഈ ഉദ്യോഗസ്ഥയുടെ ലോഗിൻ ഐ.ഡി.യും പാസ്‌വേഡും ഒട്ടേറെ പേർ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴി ഉടൻ രേഖപ്പെടുത്തും.

16 പരീക്ഷകളിൽ മാർക്ക് വ്യത്യാസം വന്ന എല്ലാ കുട്ടികളുടെയും വിവരങ്ങൾ പ്രത്യേകമായി പരിശോധിക്കും. 2016 മുതൽ ‘19 വരെയുള്ള ബിരുദ പരീക്ഷകളുടെ മാർക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. എത്ര വിദ്യാർഥികളുടെ മാർക്ക് തിരുത്തിയെന്ന് ഇതുവരെ സർവകലാശാലയുടെ പക്കലില്ല. ഇതേക്കുറിച്ച് വിശദമായ പരിശോധന നടക്കുകയാണ്.

പഴഞ്ചൻ സോഫ്റ്റ്‌വേറിലെ പിശകാണ് മാർക്ക് തിരിമറിക്കിടയാക്കിയതെന്ന് ചില ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിട്ടുണ്ട്. സൈബർ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Content Highlights: kerala university mark fraud; crime branch investigation