തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ അഖിൽ ചന്ദ്രനെ കുത്തിയ കേസിലെ മുഖ്യപ്രതിയും എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നു കണ്ടെത്തിയ ഉത്തരക്കടലാസുകൾ സർവകലാശാലയുടേതുതന്നെയെന്ന് സിൻഡിക്കേറ്റ്. യൂണിവേഴ്‌സിറ്റി കോളേജിലേക്ക് 2015-ൽ സർവകലാശാല അനുവദിച്ച ഉത്തരക്കടലാസുകളാണിതെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിൽനിന്നാണ് ഉത്തരക്കടലാസ് പുറത്തുപോയതെന്നാണ് പരീക്ഷാ കൺട്രോളർ സിൻഡിക്കേറ്റിന് നൽകിയ റിപ്പോർട്ട്. ഉത്തരക്കടലാസും സീലും കണ്ടെത്തിയ സംഭവത്തിൽ വ്യാജരേഖ ചമച്ചതിനും മോഷണക്കുറ്റത്തിനും ശിവരഞ്ജിത്തിനെതിരേ കേസെടുക്കാൻ പോലീസിനോടാവശ്യപ്പെടാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

ഉത്തരക്കടലാസുകൾ വിനിയോഗം ചെയ്യുന്നതിൽ ചിലയിടത്ത് വീഴ്ചവന്നിട്ടുണ്ട്. ഉത്തരക്കടലാസ് കണ്ടെത്തിയതും പരീക്ഷാ ക്രമക്കേടിനെക്കുറിച്ചും അന്വേഷിക്കാൻ മൂന്നംഗ ഉപസമിതിയെ സിൻഡിക്കേറ്റ് നിയോഗിച്ചു. ഡോ. കെ.ബി. മനോജാണ് അധ്യക്ഷൻ. ഡോ. കെ.ജി. ഗോപചന്ദ്രൻ, പ്രൊഫ. കെ. ലളിത എന്നിവർ അംഗങ്ങളും.

സർവകലാശാലയിൽ ക്രമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആഭ്യന്തര വിജിലൻസിനെ നിയമിക്കും. ഇതിന് എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ വിട്ടുനൽകാൻ സർക്കാരിനോടാവശ്യപ്പെടും. പരീക്ഷാനടത്തിപ്പിൽ സുതാര്യതവരുത്താൻ ഓരോ ദിവസത്തെയും പരീക്ഷയുടെ വിവരങ്ങൾ സർവകലാശാലയിൽ നേരിട്ടു റിപ്പോർട്ടുചെയ്യാൻ മുഴുവൻ കോളേജുകളുടെയും പരീക്ഷാ സൂപ്രണ്ടുമാർക്ക് നിർദേശം നൽകി.

ചോദ്യപ്പേപ്പർ, ഉത്തരക്കടലാസുകൾ എന്നിവ ഇനിമുതൽ കോളേജുകളിൽ സി.സി.ടി.വി. ഉള്ള മുറികളിലേ സൂക്ഷിക്കൂ. ഉത്തരക്കടലാസ് ബാർകോഡ് ചെയ്യുന്ന സംവിധാനം വേഗത്തിൽ നടപ്പാക്കും. പരീക്ഷാനടത്തിപ്പ് സുതാര്യമാക്കാൻ പ്രിൻസിപ്പൽമാരുടെയും ചീഫ് സൂപ്രണ്ടുമാരുടെയും യോഗം 26-നുചേരും. പത്രസമ്മേളനത്തിൽ കെ.എച്ച്. ബാബുജാൻ, കെ.ബി. മനോജ്, എ. അജികുമാർ, ഡോ. ലളിത, രഞ്ജുസുരേഷ് എന്നിവർ പങ്കെടുത്തു.

Content Highlights: kerala university confirmation about seized answer sheets