തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പട്ട് പോലീസ് ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ടിരിക്കേ ഇവ ലേലംചെയ്യാൻ തിരക്കിട്ട നീക്കമെന്ന് ആരോപണം. രണ്ടുവർഷം കഴിഞ്ഞ പേപ്പറുകൾ ലേലം ചെയ്തുനൽകുന്നതിന്റെ മറവിലാണിത്.

2016-ലെ ഉത്തരക്കടലാസുകൾ ലേലംചെയ്യാനുള്ള നടപടികളാണ് സർവകലാശാല പരീക്ഷാവിഭാഗത്തിൽ തുടങ്ങിയത്. ക്രമക്കേട് സംശയിക്കുന്ന 2016 മുതലുള്ള വർഷങ്ങളിലെ ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. എം. അനിൽകുമാർ സർവകലാശാല രജിസ്ട്രാർക്ക് കത്തുനൽകി.

യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയതിൽ 2016-ൽ നടന്ന ബി.എസ്‌സി. പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഉണ്ടായിരുന്നത്. കേസിലെ മറ്റൊരു പ്രതി പ്രണവിന്റെ രജിസ്റ്റർ നമ്പരെഴുതിയ പേപ്പറും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പോലീസ് പട്ടികയിലെ ഒന്നും രണ്ടും റാങ്കുകാരാണ് ഇരുവരും.

ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസ് ഉത്തരക്കടലാസ് ആവശ്യപ്പെട്ടത്. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി രണ്ടുവർഷം കഴിഞ്ഞാൽ ഉത്തരക്കടലാസുകൾ പുറത്തുവിൽക്കാമെന്നും അതുവരെ സർവകലാശാല സൂക്ഷിക്കണമെന്നുമുള്ളതാണ് നിയമം. 2015 വരെയുള്ള എല്ലാ ഉത്തരക്കടലാസുകളും വിറ്റുകഴിഞ്ഞു. 2016-ലെ കടലാസുകൾ കഴിഞ്ഞ വർഷാവസാനം വിൽക്കാമായിരുന്നെങ്കിലും ഫയലുകൾ നീങ്ങുന്നതിലുണ്ടായ കാലതാമസം കാരണം നടന്നില്ല. ഈ വർഷത്തെ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലമില്ലാത്തതിനാലാണ് പഴയവ വിൽക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്.

2008-ൽ നടന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിനുള്ള പരീക്ഷയുടെ 40,000 ഉത്തരക്കടലാസുകൾ സർവകലാശാലയിൽനിന്ന് നഷ്ടപ്പെട്ടതോടെ നിയമനത്തട്ടിപ്പിന്റെ അന്വേഷണം വഴിമുട്ടിയിരുന്നു. വിവാദമായ ഉത്തരക്കടലാസുകൾ ലേലംചെയ്തു വിൽക്കുന്നത് പോലീസിന്റെ തുടരന്വേഷണത്തെ ബാധിക്കും. ശിവരഞ്ജിത്തിനൊപ്പം പ്രണവിനും മറ്റു പല വിദ്യാർഥികൾക്കും പരീക്ഷാത്തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ ഓഫീസിൽനിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയതും ഈ സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ യൂണിയൻ ഓഫീസിൽനിന്നുകിട്ടിയ ഉത്തരക്കടലാസുകൾ പോലീസിന് കൈമാറാൻ കോളേജ് അധികൃതരോ പ്രിൻസിപ്പലോ തയാറായിട്ടില്ല. ഇത് എസ്.എഫ്.ഐ. നേതാക്കളെ സഹായിക്കാനാണെന്നാണ് ആരോപണം. വിവാദമായ സമയത്തെ ഉത്തരക്കടലാസുകൾ സർവകലാശാലയിലുണ്ടെങ്കിൽ എടുത്തുമാറ്റി സൂക്ഷിക്കാൻ പരീക്ഷാവിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് വൈസ് ചാൻസലർ വി.പി. മഹാദേവൻ പിള്ള പറഞ്ഞു.

Content Highlights: University College Controversy