തിരുവനന്തപുരം: പരീക്ഷയിൽ തോറ്റ വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതാൻ ശ്രമിച്ചപ്പോഴാണ് കേരള സർവകലാശാലയിലെ മോഡറേഷൻ തട്ടിപ്പ് പുറത്തായത്. പരീക്ഷ എഴുതാനെത്തിയവർ ഫീസ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ സ്വീകരിച്ചില്ല. ജയിച്ചതിനാൽ പരീക്ഷയെഴുതാൻ ഫീസ് അടയ്ക്കാൻ കഴിയില്ലെന്ന വിവരമാണ് കംപ്യൂട്ടർ സംവിധാനത്തിൽനിന്ന് ലഭിച്ചത്. എന്നാൽ, ആദ്യഫലം വന്നപ്പോൾ തോറ്റെന്ന വിവരമാണ് വിദ്യാർഥിക്കുണ്ടായിരുന്നത്. പിന്നെങ്ങനെ ജയിച്ചുവെന്ന അന്വേഷണമാണ് തിരിമറിയിലേക്ക് വെളിച്ചം വീശിയത്.

മൂന്നുതവണ പരീക്ഷയെഴുതി തോറ്റ വിദ്യാർഥിയെ ആദ്യ അവസരത്തിൽത്തന്നെ വിജയിച്ചെന്ന വിവരമാണ് കംപ്യൂട്ടർ സംവിധാനത്തിൽ ഉണ്ടായിരുന്നത്. രണ്ടും മൂന്നും തവണ ഫീസ് അടച്ച് ഈ വിദ്യാർഥി പരീക്ഷയെഴുതിയിരുന്നു. പരാജയമായിരുന്നു ഫലം. നാലാംതവണ ഫീസ് അടയ്ക്കാനെത്തിയപ്പോഴാണ് ആദ്യതവണ വിജയിച്ചതായി കംപ്യൂട്ടറിൽ രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടത്. രണ്ടും മൂന്നുംതവണ വിദ്യാർഥി പരീക്ഷയെഴുതുമ്പോൾ പഴയ മോഡറേഷൻ ഫലം തിരുത്തിയിരുന്നില്ല. തോറ്റതുകൊണ്ടാണ് വീണ്ടും പരീക്ഷയെഴുതാൻ അവസരം ലഭിച്ചത്. എന്നാൽ, നാലാംവട്ടം എത്തിയപ്പോൾ 2016-ലെ ആദ്യഫലം തിരുത്തപ്പെട്ടിരുന്നു. ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഒരു വിദ്യാർഥിക്ക് മാത്രമായി മോഡറേഷൻ നൽകാനാകില്ല. അയാളെ ജയിപ്പിക്കാൻ ആവശ്യമുള്ള മാർക്ക് നൽകുമ്പോൾ മറ്റുള്ളവർക്കുകൂടി അതിന്റെ ആനുകൂല്യം ലഭിക്കും. എട്ടുമാർക്ക് മോഡറേഷൻ നൽകുമ്പോൾ അത്രയും മാർക്ക് വേണ്ടവരെല്ലാവരും ജയിക്കും. തട്ടിപ്പിൽ പങ്കാളികളാകാത്തവരും വിജയിച്ചിട്ടുണ്ട്.

ക്രമക്കേട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. കംപ്യൂട്ടർ സംവിധാനത്തിലെ രേഖകൾ പരിശോധിച്ചാൽ ക്രമക്കേടുകൾ കണ്ടെത്താൻപറ്റും. നെറ്റ്‌വർക്ക് സംവിധാനത്തിലേക്ക് ഏതൊക്കെ കംപ്യൂട്ടറുകളിൽ നിന്നാണ് പ്രവേശിച്ചിട്ടുള്ളതെന്നും തിരുത്തൽ നടത്തിയിട്ടുള്ളതെന്നും സൈബർ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താനാകും. കൃത്രിമ മോഡറേഷനിലൂടെ ജയിച്ച വിദ്യാർഥികൾ ഉടൻ ബിരുദ സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.