തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി 1000 കിലോയോളം സ്വർണംകടത്തിയ കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽനിന്ന് കേരള സർവകലാശാലയുടെ പൂരിപ്പിക്കാത്ത മാർക്ക് ലിസ്റ്റുകൾ കണ്ടെത്തി. സ്വർണക്കടത്തിന് തെളിവുതേടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ജൂൺ 14-നാണ് റവന്യൂ ഇന്റലിജൻസ് സംഘം തിരുവനന്തപുരം തിരുമലയിലെ വിഷ്ണുവിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

സർവകലാശാലയുടെ സീൽപതിച്ച ഏഴു മാർക്ക് ലിസ്റ്റുകൾ ലഭിച്ചതിനെക്കുറിച്ച് വിഷ്ണു റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് അന്ന് മറുപടി നൽകിയിരുന്നില്ല. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിലാണ്. റവന്യു ഇന്റലിജൻസിന്റെ ശുപാർശയെത്തുടർന്ന് പ്രതികളുടെ പേരിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കോഫേപോസയും ചുമത്തിയിരുന്നു. ജാമ്യം റദ്ദാക്കിയെങ്കിലും വിഷ്ണുവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വർണക്കടത്ത് കേസ് സി.ബി.ഐയും അന്വേഷിക്കുന്നുണ്ട്. മാർക്ക് ലിസ്റ്റ് കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകുമെന്ന് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരത്തിനും പ്രകാശൻ തമ്പിക്കുമെതിരേ വയലനിസ്റ്റ് ബാലഭാസ്കറിന്റെ വാഹനാപകടത്തിലും ആരോപണം ഉയർന്നിരുന്നു.

മാർക്ക് ലിസ്റ്റുകൾ തിരിച്ചുകൊടുക്കും

വിഷ്ണുവിന്റെ വീട്ടിൽ കണ്ടെത്തിയ മാർക്കുലിസ്റ്റുകൾ തിരിച്ചേറ്റെടുക്കണമെന്ന് കാണിച്ച് ഡി.ആർ.ഐ. ജോയന്റ് ഡയറക്ടർ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചു. മാർക്കുലിസ്റ്റുകൾ ഇപ്പോൾ കൊച്ചിയിലെ ഡി.ആർ.ഐ.ഓഫീസിലാണുള്ളത്. സാധാരണ ഇത്തരം കേസുകളിൽ ലഭിക്കുന്ന കടലാസുകളും മറ്റും ഉപേക്ഷിക്കുകയാണ് പതിവെങ്കിലും രേഖകളുടെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് ഇത് കൈമാറാൻ തീരുമാനിച്ചത്.