കൊച്ചി: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ബുധനാഴ്ചമുതൽ തുറക്കും. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുപിന്നാലെ കൊച്ചിയിൽ കേരള ഫിലിം ചേംബറാണ് ഇക്കാര്യം അറിയിച്ചത്. വിജയ് നായകനായ തമിഴ് ചിത്രം ‘മാസ്റ്റർ’ ആണ് ആദ്യം തിയേറ്ററിലെത്തുന്നത്. 22-ന് ജയസൂര്യ നായകനായ ചിത്രം ‘വെള്ളം’ കോവിഡ് ലോക്ഡൗണിനുശേഷമുള്ള ആദ്യ മലയാള ചിത്രമായി തിയേറ്ററിലെത്തും. മറ്റു മലയാള സിനിമകൾ മുൻഗണനാ ക്രമത്തിൽ റിലീസ് ചെയ്യാനും കൊച്ചിയിൽ ചേർന്ന യോഗം തീരുമാനിച്ചു. കോവിഡ് ലോക്ഡൗണിനുമുമ്പ് സെൻസർ പൂർത്തിയായ 11 ചിത്രങ്ങളുടെ റിലീസ് വിതരണക്കാർ ചേർന്നാകും തീരുമാനിക്കുന്നത്.