തിരുവനന്തപുരം: സിനിമാ തിയേറ്ററുകളുടെ വിനോദനികുതി ജനുവരി മുതൽ മാർച്ച് വരെ മൂന്നമാസത്തേക്ക് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്ത് തിയേറ്റർ വ്യവസായം നേരിട്ട പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഉൾപ്പെടെയുള്ള സിനിമാസംഘടനാ ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി മന്ത്രിമാരുടെയും ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെയും യോഗം വിളിച്ചുചേർക്കുകയായിരുന്നു. തിയേറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചു. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടയ്ക്കാം. പ്രൊഫഷണൽ നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശസ്വയംഭരണം, ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിങ്‌ ഫിറ്റ്‌നസ്, ആരോഗ്യം, ഫയർഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ നീട്ടാനും തീരുമാനിച്ചു.

പ്രവർത്തനസമയത്തിൽ നിയന്ത്രണം

രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തനസമയം. സീറ്റുകളുടെ പകുതി ആൾക്കാരെ മാത്രമേ പ്രവേശിപ്പിക്കാവൂ. എന്നാൽ സെക്കൻഡ് ഷോ അനുവദിക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിമാരായ എം.എം. മണി, എ.സി. മൊയ്തീൻ, കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള, ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, തിയേറ്റർ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. തമിഴ് ചിത്രം മാസ്റ്റേഴ്‌സ് ആകും പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം.

നന്ദിപറഞ്ഞ് മോഹൻലാൽ

സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ച് അടിയന്തരമായി നടപടിയെടുത്ത മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് അമ്മ പ്രസിഡന്റ്‌ മോഹൻലാൽ. ഇളവ് അനുവദിച്ചതിൽ നന്ദിയുണ്ടെന്നും മലയാള സിനിമയ്ക്ക് ഊർജം പകരുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.