തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കും. വിവിധയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് ജാഗ്രതയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഞ്ഞജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

വേണം ജാഗ്രത

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവ നേരിടാൻ തയ്യാറെടുപ്പ് നടത്തണം. രാത്രിയിൽ മഴ ശക്തിപ്പെടുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റി താമസിപ്പിക്കണം. അപകടസാധ്യതയുള്ള ഇടങ്ങളിൽ വൈകീട്ട് ഏഴുമുതൽ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള രാത്രിഗതാഗതം ഒഴിവാക്കണം.

മഴ ശരാശരിയിലും കൂടുതൽ

കാസർകോട്: ശരാശരി ലഭിക്കുന്ന മഴയുടെ കണക്ക് സംസ്ഥാനം മറികടന്നു. ഔദ്യോഗികമായി 122 ദിവസം നീളുന്ന കാലവർഷം അവസാനിക്കാൻ 10 ദിവസംകൂടി ശേഷിക്കേ ശരാശരി മഴയെക്കാൾ ആറുശതമാനം അധികമാണ് ഇതുവരെ ലഭിച്ചത്.

ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ 2049.2 മില്ലീ മീറ്റർ മഴയാണ് ശരാശരി ലഭിക്കേണ്ടത്. ശനിയാഴ്ചവരെ 2055.5 മില്ലീ മീറ്റർ മഴപെയ്തു. പത്ത് ജില്ലകളിൽ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ചു. വയനാട്, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ശരാശരിയെക്കാൾ കുറവാണ്.

ഇത്തവണ തുലാവർഷം സാധാരണയിൽ കുറയാനാണു സാധ്യതയെന്നാണ് വിവിധ വിദേശ കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം.

കാരണം ‘ന്യോൾ’ ചുഴലിക്കാറ്റ്

തെക്കൻ ചൈനാ കടലിൽ രൂപപ്പെട്ട ‘ന്യോൾ’ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്ക് ന്യൂനമർദമായി വരുന്നതിന്റെ ഫലമായാണ് ഇപ്പോൾ ലഭിക്കുന്ന മഴ. ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കുന്നതോടെ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ കേരളത്തെയാണ് സാരമായി ബാധിക്കുക.

-രാജീവൻ എരിക്കുളം, കാലാവസ്ഥാ നിരീക്ഷകൻ, ദേശീയ ഭൗമശാസ്ത്ര പഠന ഗവേഷണ കേന്ദ്രം, തിരുവനന്തപുരം

content highlights: kerala to get heavy rain for two more days