തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്ചമുതൽ കർശനമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദേശം നൽകി.

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് ചൊവ്വാഴ്ചമുതൽ ഉണ്ടാകുക. നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽകാർഡ് കാണിച്ച് യാത്രചെയ്യാം. കൊറിയർ വിതരണത്തിന് തടസ്സമില്ല. എന്നാൽ, അത്തരം സ്ഥാപനങ്ങളിൽ നേരിട്ടുചെന്ന് സാധനങ്ങൾ കൈപ്പറ്റാൻ പൊതുജനങ്ങളെ അനുവദിക്കില്ല. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഇളവനുവദിച്ചിട്ടുണ്ട്.

ക്വാറന്റീനിൽ കഴിയുന്നവർ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി പഞ്ചായത്തുകളിലെ എല്ലാ വാർഡിലും ഒരു വനിതാ പോലീസ് ഓഫീസറെ വീതം നിയോഗിക്കും. ഓക്സിജൻ, മരുന്നുകൾ എന്നിവയുടെ നീക്കം തടസ്സപ്പെടാതിരിക്കാൻ എല്ലാ ജില്ലകളിലും ഒരു നോഡൽ ഓഫീസറെ നിയോഗിക്കും. ഓക്സിജൻ കൊണ്ടുപോകുന്ന ഗ്രീൻ കോറിഡോർ സംവിധാനത്തിന്റെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയെ നിയോഗിച്ചു. അതിഥിതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ ദിവസേന സന്ദർശനം നടത്തണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിവൈ.എസ്.പിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

Content Highlight: kerala tighten covid restrictions