തിരുവനന്തപുരം: ’കപ്പേള’യിലെ സൂക്ഷ്മാഭിനയത്തിലൂടെ അന്നാ ബെന്നും ‘വെള്ള’ത്തിലെ മികച്ച പ്രകടനത്തിലൂടെ ജയസൂര്യയും മികച്ച നടീനടൻമാർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. ’ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ആണ് മികച്ച സിനിമ. ‘എന്നിവർ’ എന്ന ചിത്രത്തിലൂടെ സിദ്ധാർഥ്‌ ശിവ മികച്ച സംവിധായകനായി. സ്ത്രീകൾക്കും സ്ത്രീപക്ഷ സിനിമകൾക്കുമുള്ള പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ് ഇത്തവണത്തെ പുരസ്കാരങ്ങളെന്ന് മന്ത്രി സജി ചെറിയാൻ, ജൂറി അധ്യക്ഷ സുഹാസിനി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജനപ്രീതിയും കലാേമന്മയുമുള്ള സിനിമയ്ക്കുള്ള പ്രത്യേക പുരസ്കാരം ‘അയ്യപ്പനും കോശിക്കു’മാണ്. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ സംവിധായകൻ ജിയോ ബേബി മികച്ച തിരക്കഥാകൃത്തിനുളള പുരസ്കാരം നേടി. ‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സുധീഷ് മികച്ച സ്വഭാവനടനും ‘വെയിലി’ലൂടെ ശ്രീരേഖ മികച്ച സ്വഭാവനടിയുമായി. ‘കയറ്റ’ത്തിന്റെ ഛായാഗ്രാഹകൻ ചന്ദ്രു സെൽവരാജാണ് മികച്ച ക്യാമറാമാൻ. മികച്ച അവലംബിത തിരക്കഥാവിഭാഗത്തിൽ അർഹമായ എൻട്രികൾ ഉണ്ടായിരുന്നില്ല.

മികച്ച സംഗീതസംവിധായകനും പശ്ചാത്തലസംഗീതത്തിനുമുള്ള പുരസ്‌കാരങ്ങൾ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ എം. ജയചന്ദ്രൻ നേടി. അൻവർ അലിയാണ് മികച്ച ഗാനരചയിതാവ്-‘തീരമേ തീരമേ’(മാലിക്ക്), സ്മരണകൾ കാടായ് (ഭൂമിയിലെ മനോഹര സ്വകാര്യം). പിന്നണി ഗായകൻ: ഷഹബാസ് അമൻ (സുന്ദരനായവനേ, വാതുക്കല് വെള്ളരിപ്രാവ്). പിന്നണി ഗായിക: നിത്യാ മാമ്മൻ (വാതുക്കല് വെള്ളരിപ്രാവ്). ‘സീ യൂ സൂണി’ലെ നൂതന എഡിറ്റിങ്‌ ശൈലിയിലൂടെ മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകനായി. സന്തോഷ് രാമനാണ് കലാസംവിധായകൻ (മാലിക്ക്, പ്യാലി). മുഹമ്മദ് മുസ്തഫയാണ് പുതുമുഖ സംവിധായകൻ (കപ്പേള). നാഞ്ചിയമ്മ (ഗായിക- അയ്യപ്പനും കോശിയും). സിജി പ്രദീപ് (ഭാരതപ്പുഴ) എന്നിവർക്ക് പ്രത്യേക ജൂറി പുരസ്കാരവും നളിനി ജമീലയ്ക്ക് (വസ്ത്രാലങ്കാരം-ഭാരതപ്പുഴ) പ്രത്യേക ജൂറി പരാമർശവുമുണ്ട്.