തിരുവനന്തപുരം: പപ്പുവാശാന്‍ എന്ന ഓട്ടന്‍തുള്ളന്‍ കലാകാരനിലൂടെ ഇന്ദ്രന്‍സും ഇറാഖിലെ ഭീകരരുടെ തടവറയെ അതിജീവിച്ച സമീറയെന്ന നഴ്‌സിലൂടെ പാര്‍വതിയും 2017-ലെ മികച്ച അഭിനേതാവും അഭിനേത്രിയുമായി. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത 'ഒറ്റമുറി വെളിച്ച'മാണ് മികച്ച ചിത്രം. 'ഇ.മ.യൗ.' എന്ന സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുമായി.

വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിച്ച 'ആളൊരുക്കം' എന്ന സിനിമയില്‍ അഭിനയമാണ് ഇന്ദ്രന്‍സിനെ മികച്ച നടനാക്കിയത്. മഹേഷ് നാരായണന്റെ 'ടേക്ക് ഓഫ്' എന്ന സിനിമയിലെ അഭിനയം പാര്‍വതിക്കും പുരസ്‌കാരം നേടിക്കൊടുത്തു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് മികച്ചനടനും നടിക്കുമുള്ള പുരസ്‌കാരങ്ങള്‍.

ഗാര്‍ഹികപീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പാണ് മികച്ച ചിത്രമായ ഒറ്റമുറി വെളിച്ചത്തിന്റെ പ്രമേയം. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് സംവിധായകനും നിര്‍മാതാവ് രാഹുല്‍ ആര്‍. നായര്‍ക്കും ലഭിക്കുക.

സഞ്ജുസുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഏദന്‍' ആണ് മികച്ച രണ്ടാമത്തെ കഥാചിത്രം. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയിലെ പ്രകടനത്തിന് അലന്‍സിയര്‍ ലേ ലോപ്പസ് മികച്ച സ്വഭാവനടനായി. 'ഇ.മ. യൗ.', 'ഒറ്റമുറിവെളിച്ചം' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പോളി വല്‍സന്‍ മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം നേടി.

മാസ്റ്റര്‍ അഭിനന്ദ് (ചിത്രം: സ്വനം) മികച്ച ബാലനടനും നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്) മികച്ച ബാലനടിയുമായി.
 

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച കഥാകൃത്ത്: എം.എ. നിഷാദ് (കിണര്‍), മികച്ച തിരക്കഥാകൃത്ത്: സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും), മികച്ച ഛായാഗ്രാഹകന്‍: മനേഷ് മാധവന്‍ (ഏദന്‍), മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍): എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ (ഏദന്‍)

കൊല്ലം ജില്ലയിലാണ് ഇക്കുറി പുരസ്‌കാരവിതരണച്ചടങ്ങ് നടത്തുകയെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ജേതാക്കളില്‍ 78 ശതമാനം പേരും ആദ്യമായി സംസ്ഥാനപുരസ്‌കാരം നേടുന്നവരാണ്. 37 പുരസ്‌കാരങ്ങളില്‍ 28 എണ്ണവും പുതുമുഖങ്ങള്‍ക്ക്. ടി.വി. ചന്ദ്രനായിരുന്നു പത്തംഗ ജൂറിയുടെ അധ്യക്ഷന്‍. ഗൗരവസ്വഭാവമില്ലാത്ത സിനിമകളാണ് എത്തിയതിലേറെയുമെന്ന് അദ്ദേഹം പറഞ്ഞു.