കണ്ണൂർ: പാസഞ്ചർ വണ്ടികൾക്കും സീസൺ ടിക്കറ്റിനും വേണ്ടിയുള്ള കേരളത്തിന്റെ പ്രതീക്ഷ വെയ്റ്റിങ് ലിസ്റ്റിൽ. റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി.അബ്ദുൾ റഹ്‌മാൻ ഇക്കാര്യമുൾപ്പെടെ ബുധനാഴ്ച റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു. ബോർഡ് തലത്തിൽ തീരുമാനിക്കേണ്ട പൊതുകാര്യമായതിനാൽ കേരളത്തിനകത്തുമാത്രം അനുവദിക്കാനാവില്ലെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്.

എക്സ്പ്രസ് തീവണ്ടികളിലെ ജനറൽ കോച്ചുകളും സീസൺ ടിക്കറ്റുമാണ് സ്ഥിരം യാത്രക്കാരുടെ പ്രധാന ആവശ്യം. പാസഞ്ചർ തീവണ്ടിയും യാത്രാ സൗജന്യവും പുനഃസ്ഥാപിച്ചാൽ വിദ്യാർഥികൾക്കും യാത്ര ചെയ്യാം. മെമുവിലും ഗുരുവായൂർ-പുനലൂർ, കണ്ണൂർ-മംഗളൂരു അൺ റിസർവ്ഡ് വണ്ടികളിലും മാത്രമാണിപ്പോൾ ജനറൽ ടിക്കറ്റും സീസണും ഉള്ളത്. 22 പാസഞ്ചർ ഓടിയിരുന്ന കണ്ണൂർ-ഷൊർണൂർ സെക്‌ഷനിൽ ഒരു മെമു മാത്രം ഓടുന്നു. ഷൊർണൂർ-തിരുവനന്തപുരം ഭാഗത്ത് അഞ്ചിൽ താഴെയാണ് മെമു. മംഗളൂരു-ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസ് ഒന്നരവർഷമായി ഓടാത്തതും ദുരിതമാണ്.

വിമർശവുമായി എം.പി.മാർ

ബുധനാഴ്ച മന്ത്രിതലത്തിൽ നടന്ന റെയിൽവേ യോഗം പ്രഹസനമാണെന്ന് കെ.പി.സി.സി. പ്രസിഡന്റും എം.പി.യുമായ കെ.സുധാകരൻ പറഞ്ഞു. ഏത് തീരുമാനത്തിനും റെയിൽവേ ബോർഡ് അനുമതി വേണമെന്ന് എല്ലാവർക്കുമറിയാം. അൺ റിസർവ്ഡ് വണ്ടിയും സീസൺ ടിക്കറ്റും മുംബൈ, ചെന്നൈ സബ് അർബനുകളിൽ വന്നു കഴിഞ്ഞു. കോവിഡ് സ്ഥിതി കണക്കിലെടുത്ത് അതത് സർക്കാറിന്റെ അനുമതിയോടെയാണ് ഇത് നടപ്പാക്കിയത്. കേരളത്തിലെ യാത്രക്കാർ ഇനിയും ബോർഡ് തീരുമാനത്തിന് കാത്തുനിൽക്കേണ്ടിവരുന്നത് നീതീകരിക്കാനാവില്ല. കാത്തിരുന്ന് മടുത്ത യാത്രക്കാർക്കായി ഉടൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയക്കും- അദ്ദേഹം വ്യക്തമാക്കി

സാധാരണയാത്രക്കാരുടെ പ്രശ്നം വീണ്ടും റെയിൽവേ മന്ത്രിയെയും ബോർഡിനെയും ഉടൻ അറിയിക്കുമെന്ന് റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റിയംഗം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. അറിയിച്ചു. ജനറൽ മാനേജരെയടക്കം ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നു. വേഗത്തിൽ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നതുമാണ്- അദ്ദേഹം പറഞ്ഞു.