തിരുവനന്തപുരം: പൊതുവാഹനങ്ങളിൽ നിർബന്ധമായും ഘടിപ്പിക്കേണ്ട ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) പൊതുമേഖലാ സ്ഥാപനമായ യൂണൈറ്റഡ് ഇലക്‌ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് വിപണിയിലെത്തിക്കുന്നു.

ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെയും സംസ്ഥാന മോട്ടോർവാഹന വകുപ്പിന്റെയും അംഗീകാരം ലഭിച്ചു. മന്ത്രി ഇ.പി. ജയരാജൻ ബുധനാഴ്ച ജി.പി.എസ്. വിപണിയിലിറക്കും.

ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ജി.പി.എസ്. നിർമാണരംഗത്തെത്തുന്നത്. കൊല്ലം ആസ്ഥാനമായ കമ്പനി വൈദ്യുത ബോർഡിന് മീറ്ററുകൾ നിർമിച്ചാണ് പ്രവർത്തനം തുടങ്ങിയത്. ‘മീറ്റർ കമ്പനി’ എന്നാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്.

സംസ്ഥാനത്തെ വിവിധതരം വാഹനങ്ങളിൽ 2020-ഓടെ ഘട്ടംഘട്ടമായി ജി.പി.എസ്. ഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിലൂടെ വാഹനങ്ങളുടെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം മോട്ടോർവാഹന വകുപ്പിന് നിരീക്ഷിക്കാനാകും. യാത്രക്കാരുടെ സുരക്ഷയ്ക്കായി പാനിക് ബട്ടൺ സംവിധാനവുമുണ്ട്. അപകടഘട്ടങ്ങളിൽ ഈ ബട്ടണിൽ അമർത്തിയാൽ വാഹനം നിൽക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം കൺട്രോൾ റൂമിൽ ലഭിക്കും.

ആദ്യപടിയായി സ്‌കൂൾ വാഹനങ്ങളിൽ ജൂൺമുതൽ ജി.പി.എസ്. നിർബന്ധമാക്കും. ‘സുരക്ഷാമിത്ര’ എന്നുപേരിട്ടിരിക്കുന്ന പദ്ധതി ആറുമാസം മുമ്പാണ് തുടങ്ങിയത്. ഇത് അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ബസ് ഉൾപ്പെടെയുള്ള പൊതുവാഹനങ്ങളിലും ജി.പി.എസ്. ഘടിപ്പിക്കേണ്ടിവരും.

കേന്ദ്ര മാനദണ്ഡമായ ‘എ.ഐ.എസ്. 140’ നിബന്ധന പാലിക്കുന്ന ജി.പി.എസ്. ഉപകരണങ്ങളാണ് കേരളം നിർമിക്കുന്നത്. ഈ നിബന്ധന പാലിക്കുന്ന 23 കമ്പനികളെ മോട്ടോർവാഹനവകുപ്പ് അംഗീകരിച്ച് പട്ടിക തയ്യാറാക്കിയിരുന്നു. ഇവയെല്ലാം കേരളത്തിനു പുറത്തുനിന്നുള്ള സ്ഥാപനങ്ങളാണ്.

സേവനത്തിലെ പോരായ്മകൾ കാരണം മറ്റു സംസ്ഥാന സ്ഥാപനങ്ങളുടെ ഉപകരണങ്ങൾ വാങ്ങുന്നതിൽ വാഹനയുടമകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വേഗപ്പൂട്ട് നിർബന്ധമാക്കിയപ്പോൾ സംസ്ഥാനത്ത് ആദ്യമെത്തിയ കമ്പനികളിൽ പലരും പിന്നീട് വിപണിയിൽ നിലയുറപ്പിച്ചില്ല. ഇവരുടെ ഉപകരണങ്ങൾ വാങ്ങിയവർ അറ്റകുറ്റപ്പണി നടത്താൻ ബുദ്ധിമുട്ടി. ജി.പി.എസിന്റെ കാര്യത്തിലും ഇതേ പരാതിയാണ് ഉടമകൾക്കുണ്ടായിരുന്നത്. പൊതുമേഖലാ സ്ഥാപനത്തിന്റെ സാന്നിധ്യം ഈ ആശങ്ക പരിഹരിക്കുമെന്നാണ് വിലയിരുത്തൽ.

content highlights: GPS, United Electricals Industries Ltd, Motor Vehicles Department, Kerala